കീവ്: രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പുകണ്ട ഏറ്റവും ദൈർഘ്യമേറിയതും രക്തരൂഷിതവുമായ റഷ്യ-യുക്രൈൻ യുദ്ധത്തിന് അറുതി വരുത്താനുള്ള നയതന്ത്രശ്രമങ്ങൾക്ക് പുതിയ വഴിത്തിരിവ്. നാലരവർഷം പിന്നിട്ട യുദ്ധം തീർക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ നേരിട്ട് ഇടപെടുന്നതായി യുക്രൈൻ വെളിപ്പെടുത്തി.

To advertise here,

വെടിനിർത്തലിനായി ഇന്ത്യ മുന്നോട്ടുെവച്ച നിർദേശം അമേരിക്ക, തുർക്കി, ഈജിപ്ത് എന്നിവയുടെ നിർദേശങ്ങളെക്കാൾ സമഗ്രവും വിശാലവുമാണെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹ പറഞ്ഞു. യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇന്ത്യ സമാധാനശ്രമങ്ങളിൽ വ്യക്തമായ മധ്യസ്ഥപങ്ക് വഹിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഊർജമേഖലയിലെ പൂർണ വെടിനിർത്തലും കരിങ്കടലിലെ വെടിനിർത്തലും ഒരുമിച്ച് നടപ്പാക്കുക എന്ന ആശയമാണ് ഇന്ത്യയുടെ സമാധാന നിർദേശത്തിന്റെ കാതലെന്നാണ് വിവരം. ഇവ രണ്ടുമുൾപ്പെടുന്ന ആദ്യഘട്ട വെടിനിർത്തൽ സാധ്യമായാൽ പിന്നീട് യുദ്ധമേഖലയിലുടനീളം ഉപാധികളില്ലാത്ത വെടിനിർത്തൽ പരിഗണിക്കാൻ യുക്രൈൻ തയ്യാറാണെന്ന് സിബിഹ വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാൻ സജീവ ഇടപെടൽ നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും പ്രശംസിച്ചിരുന്നു. ഉഭയകക്ഷിസമ്മതത്തോടെ സമാധാനപരമായ പരിഹാരം കാണാൻ മോദിയുടെ പക്കൽ മികച്ച ആശയങ്ങളുണ്ടെന്നും പുതിൻ പറഞ്ഞു. നിലവിൽ റഷ്യയും യുക്രൈനും ഊർജകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അന്യോന്യം ദീർഘദൂര ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ പ്രധാന നിർദേശങ്ങൾ

  • വൈദ്യുതിനിലയങ്ങൾ ഉൾപ്പെടെയുള്ള ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും തുറമുഖങ്ങൾക്കും നേരേയുള്ള ആക്രമണം അവസാനിപ്പിക്കുക
  • കരിങ്കടലിൽ വെടിനിർത്തി കപ്പൽഗതാഗതത്തിനും ഭക്ഷ്യധാന്യ കയറ്റുമതിക്കും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക
  • ഇത് യുക്രൈന്റെ ധാന്യക്കയറ്റുമതി പുനഃസ്ഥാപിക്കുന്നതിനും ആഗോള ഭക്ഷ്യവിപണിയിലെ സമ്മർദം കുറയ്ക്കുന്നതിനും സഹായിക്കും

മറ്റുനിർദേശങ്ങൾ : ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കു നേരേയുള്ള ആക്രമണം നിർത്താനും ഭൂപ്രദേശങ്ങളുടെ ഭാവി സംബന്ധിച്ചുമുള്ളതാണ് അമേരിക്കൻ നിർദേശം. കരിങ്കടലിൽ ഭക്ഷ്യധാന്യക്കയറ്റുമതിക്ക് സുരക്ഷ ഉറപ്പാക്കുന്ന ‘ധാന്യ ഇടനാഴി’ പുനഃസ്ഥാപിക്കുകയെന്നതാണ് തുർക്കിയുടെ പ്രധാന നിർദേശം. ഈജിപ്തിന്റെ നിർദേശവും ഭക്ഷ്യധാന്യ കയറ്റുമതിയും കരിങ്കടൽ വെടിനിർത്തലും കേന്ദ്രീകരിച്ചുള്ളതാണ്.

തർക്കവിഷയം: യുദ്ധം തീർക്കുന്നതിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാനപദ്ധതിയിൽ പ്രധാനപ്പെട്ടത് തർക്കപ്രദേശങ്ങൾ റഷ്യയും യു.എസും വെച്ചുമാറുകയെന്നതായിരുന്നു. എന്നാൽ ഇത് ഇരുകൂട്ടർക്കും സ്വീകാര്യമായില്ല.

യുദ്ധത്തിൽ തങ്ങളുടെ നിയന്ത്രണത്തിലാക്കിയ യുക്രൈന്റെ ലുഹാൻസ്ക്, സപൊറീഷ, ഹെർസോൺ, ഡൊണെറ്റ്സ്ക് എന്നീ നാലു പ്രവിശ്യകൾ തങ്ങൾക്കുതന്നെ വേണമെന്നാണ് റഷ്യയുടെ നിലപാട്. ഇത് യുക്രൈൻ അംഗീകരിക്കുന്നില്ല. അതിൽ ഡൊണെറ്റ്സ്കും ലുഹാൻസ്കുമുൾപ്പെട്ട ‘ഡോൺബാസ്’ യുക്രൈന്റെ തന്ത്രപ്രധാന വ്യാവസായികമേഖലയാണ്. യുക്രൈൻ നാറ്റോയിൽ ചേരില്ലെന്നത് ഭരണഘനാപരമായി ഉറപ്പാക്കണമെന്ന് റഷ്യ ശഠിക്കുമ്പോൾ സന്പൂർണ ഭാവി സുരക്ഷാ ഉറപ്പാണ് യുക്രൈന്റെ ആവശ്യം.

യുദ്ധത്തുടക്കം : 2022 ഫെബ്രുവരി 24 യുക്രൈനിൽ പൂർണതോതിലുള്ള റഷ്യൻ അധിനിവേശം, ഡോൺബാസ് മേഖലയിൽ ആരംഭിച്ച റഷ്യ അനുകൂല സായുധസംഘർഷങ്ങളുടെ തുർച്ച

കാരണം

  • യുക്രൈന്റെ നാറ്റോ പ്രവേശന ശ്രമം തടയുകസുരക്ഷാ ആശങ്കകൾ
  • യുക്രൈന്റെ പാശ്ചാത്യ സഖ്യങ്ങളുമായുള്ള അടുപ്പം
  • പുതിന്റെ ഗ്രേറ്റർ റഷ്യ മോഹം