വാഷിങ്ടൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ലെന്നും അത് യുഎസിനെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവും' ആയ അമേരിക്കയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം അഭ്യർഥിച്ചിരിക്കുകയാണ് ട്രംപ്.
ഇതിനായി വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയും പൗരത്വ തെളിവുകളും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്' നടപ്പാക്കണമെന്നാണ് ശക്തമായ ഭാഷയിൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായുള്ള ട്രംപിന്റെ നീക്കങ്ങൾ ഡെമോക്രാറ്റുകളുടെ എതിർപ്പിനെത്തുടർന്ന് നിലവിൽ സെനറ്റിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
ഈ നിയമം പാസാക്കുന്നതിനായി ആവശ്യമെങ്കിൽ സെനറ്റിലെ ഫിലിബസ്റ്റർ രീതി നിർത്തലാക്കണമെന്നും അമേരിക്കൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഈ മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് ട്രംപിന്റെ വാദം. കർശനമായ വോട്ടർ ഐഡന്റിഫിക്കേഷൻ നിയമങ്ങൾ, കൃത്യമായ പൗരത്വ തെളിവുകൾ, മെയിൽ-ഇൻ ബാലറ്റുകൾക്ക് നിയന്ത്രണം എന്നിവ ആവശ്യപ്പെടുന്നതാണ് 'സേവ് അമേരിക്ക ആക്റ്റ്' (SAVE AMERICA ACT).
ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച കുറിപ്പ്;
'അമേരിക്കയിലെ തെരഞ്ഞെടുപ്പുകൾ കപടവും മോഷ്ടിക്കപ്പെട്ടതും ലോകമെമ്പാടും പരിഹാസത്തിന് പാത്രവുമാണ്. ഒന്നുകിൽ നമ്മൾ അവ ശരിയാക്കും, അല്ലെങ്കിൽ നമുക്ക് ഇനി ഒരു രാജ്യം ഉണ്ടാവില്ല. താഴെ പറയുന്നവയ്ക്കായി പോരാടാൻ ഞാൻ എല്ലാ റിപ്പബ്ലിക്കൻമാരോടും ആവശ്യപ്പെടുന്നു;
സേവ് അമേരിക്ക ആക്റ്റ്!
1, എല്ലാ വോട്ടർമാരും വോട്ടർ ഐ.ഡി (തിരിച്ചറിയൽ രേഖ!) കാണിക്കണം.
2, വോട്ട് ചെയ്യുന്നതിന് എല്ലാ വോട്ടർമാരും പൗരത്വത്തിന്റെ തെളിവ് കാണിക്കണം.
3, മെയിൽ-ഇൻ ബാലറ്റുകൾ പാടില്ല (രോഗം, വൈകല്യം, സൈന്യം അല്ലെങ്കിൽ യാത്ര എന്നിവയ്‌ക്കൊഴികെ!).'
ഓരോ സംസ്ഥാനത്തും വോട്ട് ചെയ്യാൻ അർഹതയുള്ള പൗരന്മാരുടെ പട്ടിക തയ്യാറാക്കാനും പരിശോധിച്ചുറപ്പിച്ച വോട്ടർമാർക്ക് മാത്രം മെയിൽ ബാലറ്റുകൾ അയക്കാൻ യുഎസ് പോസ്റ്റൽ സർവീസിന് നിർദ്ദേശം നൽകാനുമുള്ള ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ മാർച്ച് 31-ന് പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു.
ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഈ ഉത്തരവ് നിയമപരമായി 'പഴുതുകളില്ലാത്തത്' ആണെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. എന്നാൽ, ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധർ പ്രസ്താവിച്ചു. വോട്ടവകാശ പ്രവർത്തനങ്ങളുടെ വക്താക്കളും ഡെമോക്രാറ്റിക് സംസ്ഥാന ഉദ്യോഗസ്ഥരും ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് തടയാൻ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചു.
ഏതാണ്ട് ഒരു വർഷം മുമ്പ് ഒപ്പിട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ഉത്തരവ് ഫെഡറൽ ജഡ്ജിമാർ തടഞ്ഞിരുന്നു. വോട്ടിങ് നയം നിശ്ചയിക്കാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമില്ലെന്നാണ് അവർ വ്യക്തമാക്കിയത്. മെയിൽ ബാലറ്റുകളുമായി ബന്ധപ്പെട്ട് വൻതോതിൽ നിയമവിരുദ്ധ വോട്ടിഗും വഞ്ചനയും പൗരന്മാരല്ലാത്തവരുടെ വോട്ടിങ്ങിനെയും സംബന്ധിച്ച് ട്രംപ് കാലങ്ങളായി സംസാരിക്കുന്നുണ്ട്.
പുതിയ വോട്ടർ തിരിച്ചറിയൽ രേഖകളും രേഖാമൂലമുള്ള തെളിവുകളും നിർബന്ധമാക്കുന്ന വലിയ തെരഞ്ഞെടുപ്പ് പരിഷ്‌കാരമായ 'സേവ് അമേരിക്ക ആക്റ്റ്' പാസാക്കാൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻമാരുടെ മേൽ ട്രംപ് സമ്മർദ്ദം തുടരുകയാണ്. ഡെമോക്രാറ്റുകളുടെ എതിർപ്പ് കാരണം ഈ ബിൽ നിലവിൽ സെനറ്റിൽ തടസ്സപ്പെട്ടു നിൽക്കുകയാണ്.
Content Highlights: Trump labels US election system as rigged and a global laughingstock. Proposed Save America Act mandates voter ID and proof of citizenship. Strict limitations on mail-in ballots are a core component of the bill. Legislative progress remains stalled in the Senate due to Democratic opposition. Previous executive orders on election policy faced constitutional challenges in federal courts.
Published: 28 Apr 2026, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented