ന്യൂയോർക്ക്: യു.എൻ. പൊതുസഭയിലെ പ്രസംഗത്തിനിടെ കരഘോഷത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയത് ഒരു പേജറുമായി. എന്നാൽ, നെതന്യാഹു വേദിയിലെത്തിയതോടെ പരിഹാസശരങ്ങളും കൂവിവിളിയുമായി പ്രതിനിധികളിൽ ഭൂരിഭാഗവും ഇറങ്ങിപ്പോയത് തിരിച്ചടിയായി.

To advertise here,

ആളൊഴിഞ്ഞ സദസ്സിനുമുന്നിലെ പ്രസംഗത്തിനിടെ പേജർ ഉയർത്തിക്കാട്ടി ‘‘ഈ ബീപ്പറുകൾ ഓർമ്മയുണ്ടോ’’യെന്ന് നെതന്യാഹു ചോദിച്ചു. എന്താലായും ഹിസ്ബുള്ള ഇത് ഓർക്കുന്നുണ്ടാകുമെന്നും പറഞ്ഞു.

2024 സെപ്റ്റംബറിലാണ് ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല ലക്ഷ്യമിട്ട് ഇസ്രയേൽ പേജർ സ്‌ഫോടനപരമ്പര നടത്തിയത്. ലെബനനിലും സിറിയയിലെ ചില ഭാഗങ്ങളിലും ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ച് ഒട്ടേറെപ്പേർ മരിച്ചിരുന്നു.

ഇറാനെ ആക്രമിക്കുകയെന്നത് തനിക്കെടുക്കേണ്ടിവന്ന ഏറ്റവും എളുപ്പമുള്ള തീരുമാനങ്ങളിലൊന്നായിരുന്നുവെന്ന് നെതന്യാഹു അവകാശപ്പെട്ടു. ന്യൂജേഴ്‌സിയുടെ അത്രമാത്രം വലുപ്പമുള്ള ഇസ്രയേൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഏഴു മുന്നണികളിലാണ് യുദ്ധം നടത്തിയത്. ഇറാന്റെ ആണവശേഷി ശിഥിലമാക്കിയതിന് പലലോകനേതാക്കളും വ്യക്തിപരമായി നന്ദിയറിയിച്ചെന്നും ഇസ്രയേലിനെസംബന്ധിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ വലിയ പങ്കാളിയില്ലെന്നും പറഞ്ഞു. ഇറാനെക്കൂടാതെ തുർക്കി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കെതിരേയും രൂക്ഷവിമർശനമുയർത്തി.

മംദാനിക്കെതിരേ രൂക്ഷവിമർശനം

ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെ പൊതുസഭയിൽ നെതന്യാഹു പേരെടുത്ത് വിമർശിച്ചു. മംദാനി ജൂതവിരുദ്ധനാണെന്നും അദ്ദേഹം ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം നഗരത്തിലെ ജൂതർക്ക് സുരക്ഷിതത്വം ഇല്ലാതായെന്നും ആരോപിച്ചു. ഗാസായുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽക്കോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്ന നെതന്യാഹു ന്യൂയോർക്ക് നഗരത്തിൽ കാലുകുത്തിയാൽ അറസ്റ്റുചെയ്യുമെന്ന് മംദാനി നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, നിയമപരിശോധനയ്ക്കുശേഷം ന്യൂയോർക്ക് ഭരണകൂടത്തിന് അതിനുള്ള അധികാരമില്ലെന്ന് ബോധ്യപ്പെട്ടെന്നു പറഞ്ഞ മംദാനി, ഫെഡറൽ സർക്കാരിനോട് നെതന്യാഹുവിനെ അറസ്റ്റുചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

തെരുവിൽ നെതന്യാഹുവിനെതിരേ പ്രതിഷേധം

ന്യൂയോർക്കിൽ പലയിടത്തും നെതന്യാഹുവിനെതിരേ പ്രതിഷേധമുണ്ടായി. 100-ലേറെ പേരെ അറസ്റ്റുചെയ്തു. യു.എന്നിന് സമീപത്തെ പ്രതിഷേധത്തിൽ 400-ലേറെപ്പേർ പങ്കെടുത്തു. അറസ്റ്റിലായവരിൽ നടിമാരായ സൂസൻ സാരൻഡനും ഹന്ന ഐൻബിൻഡറും ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്.