കാഠ്മണ്ഡു: മുന്‍കാലങ്ങളില്‍ പല സര്‍ക്കാരുകളെയും അട്ടിമറിച്ച പാരമ്പര്യമുള്ള നേപ്പാളിലെ കമ്യൂണിസ്റ്റ് അതികായന്‍ കെ.പി.എസ്. ഒലി, 2024-ല്‍ മൂന്നാമതും അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ രാഷ്ട്രീയസ്ഥിരതയിലേക്ക് നയിക്കുമെന്ന പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍, വിദ്യാര്‍ഥിപ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തിയ സ്വന്തം നടപടി അദ്ദേഹത്തിനും പുറത്തേക്കുള്ള വഴിതുറന്നു.
കഴിഞ്ഞ 17 വര്‍ഷത്തിനിടെ 14 സര്‍ക്കാരുകള്‍ ഭരിച്ച ചരിത്രമുള്ള നേപ്പാളിന്റെ രാഷ്ട്രീയ-ഭരണവ്യവസ്ഥിതിയെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്നതാണ് ഈ പടിയിറക്കം.
2024 ജൂലായിലാണ് ഒലി മൂന്നാമതും നേപ്പാളിന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരുകാലത്ത് തന്റെ സുഹൃത്തായിരുന്ന പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡയുമായി തെറ്റിപ്പിരിയുകയും ദീര്‍ഘകാല എതിരാളിയായിരുന്ന നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി കൈകോര്‍ക്കുകയും ചെയ്തായിരുന്നു അത്. രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൊണ്ടുവരുമെന്നായിരുന്നു ഒലി നല്‍കിയ ഉറപ്പ്.
2021 മേയ് 13 മുതല്‍ ജൂലായ് 13 വരെ അന്നത്തെ പ്രസിഡന്റ് ബിന്ദ്യാദേവി ഭണ്ഡാരിയുടെ പ്രത്യേകനിയമനത്താലാണ് അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നത്. ജൂലായില്‍ സുപ്രീംകോടതി ഒലിയുടെ പ്രധാനമന്ത്രി പദത്തിലെ അവകാശവാദം ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കുകയായിരുന്നു.
1952-ല്‍ കിഴക്കന്‍ നേപ്പാളിലെ ചെര്‍ഹാത്തൂമിലാണ് ജനനം. വസൂരിബാധിച്ച് അമ്മ മരിച്ചതോടെ അമ്മൂമ്മയാണ് വളര്‍ത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തി രാഷ്ട്രീയത്തില്‍ ചേരുകയായിരുന്നു. ജയിലില്‍ക്കഴിയുന്ന കാലത്ത് ആര്‍ട്സില്‍ ഇന്റര്‍മീഡിയറ്റ് കോഴ്സ് പാസായി.
1969-ല്‍ രാജവാഴ്ചയ്‌ക്കെതിരേയുള്ള ബഹുജനപ്രക്ഷോഭത്തില്‍ വിദ്യാര്‍ഥിസംഘടനാപ്രതിനിധിയായി പങ്കെടുത്ത് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. 1970-ലാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാജവാഴ്ചയ്‌ക്കെതിരേയുള്ള കലാപത്തില്‍ പങ്കെടുത്തതിന് 1973 മുതല്‍ 1987 വരെ 14 വര്‍ഷം ജയില്‍വാസം. ജയില്‍മോചിതനായശേഷം നേരിട്ട് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടക്കപ്പെട്ടു. 1991-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1994-95-ല്‍ ആഭ്യന്തരമന്ത്രിയായിരുന്നു. 2014 മുതല്‍ പാര്‍ട്ടിയുടെ ചെയര്‍മാനായി.
ഇന്ത്യയോട് തെറ്റിയും അടുത്തും
കടുത്ത ചൈനാ അനുകൂല നിലപാടുകാരനാണ് നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎന്‍-യുഎംഎല്ലിന്റെ ചെയര്‍മാനായ ഒലി. 2015 ഒക്ടോബറിലാണ് ആദ്യം പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. 11 മാസത്തെ ഭരണത്തിനിടെ ഇന്ത്യയുമായി പലതവണ ഉടക്കി. നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നെന്നും തന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചു. എന്നാല്‍, 2018 ഫെബ്രുവരിയില്‍ രണ്ടാംതവണ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യയുമായി അടുത്തു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായി ഇന്ത്യയുമായുള്ള സാമ്പത്തികപങ്കാളിത്തം ശക്തമാക്കുമെന്ന് വാഗ്ദാനം ചെയ്തു. കാളീനദിക്കു കിഴക്കുള്ള ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ മൂന്ന് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നേപ്പാളിന്റെ പുതുക്കിയ രാഷ്ട്രീയഭൂപടം 2020-ല്‍ ഇറക്കിയത് ഒലി സര്‍ക്കാരാണ്. അത് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളാക്കി.
പ്രകോപനം മക്കള്‍പ്രേമം
ഐടിമന്ത്രാലയത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നതിന്റെ പേരില്‍ 26 സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചതിനുപിന്നാലെയാണ് നേപ്പാളില്‍ ഇത്രവലിയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, പ്രതിഷേധക്കാരുടെ ആവശ്യം ഈ സാമൂഹികമാധ്യമങ്ങള്‍ പുനഃസ്ഥാപിക്കുക എന്നതുമാത്രമല്ല. അധികാരിവര്‍ഗത്തിന്റെ മക്കള്‍പ്രേമം അവസാനിപ്പിക്കണമെന്നതും സാമ്പത്തികാസമത്വം ഇല്ലായ്മ ചെയ്യണമെന്നതുംകൂടിയാണ്.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകവേ രാഷ്ട്രീയപ്രമുഖരുടെ മക്കള്‍ ആര്‍ഭാടജീവിതം നയിക്കുന്നതിലും വിദേശവിദ്യാഭ്യാസം നേടുന്നതിലും സാമൂഹികമാധ്യമങ്ങളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ നിലവില്‍ വന്ന സാമൂഹികമാധ്യമനിരോധനം തങ്ങളുടെ വായടപ്പിക്കാനും അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താനുമുള്ള സര്‍ക്കാര്‍ നീക്കമായി ചെറുപ്പക്കാര്‍ കണ്ടു.
ലോകബാങ്കിന്റെ 2024-ലെ കണക്കനുസരിച്ച് നേപ്പാളിലെ 15-24 വയസ്സിനിടയിലുള്ളവരില്‍ 20.8 ശതമാനമാണ് തൊഴിലില്ലായ്മ. പലരും തൊഴില്‍തേടി വിദേശത്തുപോകേണ്ട സ്ഥിതിയാണ്. നേപ്പാളിന്റെ ജിഡിപിയുടെ 33.1 ശതമാനവും വിദേശത്തു തൊഴില്‍ചെയ്യുന്നവര്‍ അയക്കുന്ന പണമാണ്.
പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന മക്കള്‍പ്രേമം, അഴിമതി, സ്വജനപക്ഷപാതം എന്നീ ആരോപണങ്ങള്‍ നേപ്പാളി കോണ്‍ഗ്രസിന്റെ നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ എന്‍പി സൂദു പോലു ശരിവെക്കുന്നുണ്ട്. സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഓരോ കേസുകളായെടുത്ത് പരിശോധിക്കണമെന്ന് ഭരണകക്ഷി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ പ്രദീപ് ഗ്യവാലിയും പറയുന്നു.
സാമൂഹികമാധ്യമ സാക്ഷരത
ദക്ഷിണേഷ്യയിലെ സാമൂഹികമാധ്യമ ഉപയോഗനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നുകൂടിയാണ് നേപ്പാള്‍. രാജ്യത്ത് 1.43 കോടി സാമൂഹികമാധ്യമ ഉപയോക്താക്കളുണ്ട്. അതായത് ജനസംഖ്യയുടെ 48.1 ശതമാനം. ഫെയ്‌സ്ബുക്കിനാണ് രാജ്യത്ത് ഏറ്റവും ജനപ്രീതി; 1.35 കോടി ഉപയോക്താക്കള്‍. ഇന്‍സ്റ്റഗ്രാം രണ്ടാംസ്ഥാനത്തും (39 ലക്ഷം) ലിങ്ക്ഡ്ഇന്‍ (20 ലക്ഷം) മൂന്നാംസ്ഥാനത്തുമാണ്
Content Highlights: K.P. Sharma Oli's Third Term: From Hopes of Stability to Student Protests in Nepal
Published: 10 Sept 2025, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented