
ന്യൂഡൽഹി: സി.ജെ.പി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നടപ്പിലാക്കിയ കർശന സുരക്ഷാ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശശി തരൂർ എം.പി. ഡൽഹിയിൽ 22,000 പോലീസിനെയും അർധസൈനിക വിഭാഗങ്ങളെയുമാണ് വിന്യസിച്ചിരിക്കുന്നതെന്നും ഇതൊരു യുദ്ധസമാനമായ സാഹചര്യമാണെന്നും തരൂർ പറഞ്ഞു. ട്രെയിനുകൾ റദ്ദാക്കിയതിലും മെട്രോ സർവീസുകൾ നിർത്തിവെച്ചതിലും അദ്ദേഹം ആശങ്കയറിയിച്ചു.
പുലർച്ചെ രണ്ടു മണിക്കുശേഷം ദേശീയ തലസ്ഥാനത്തെത്തിയ തനിക്ക്, മുൻപെങ്ങും കാണാത്തവിധത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് കാണാൻ കഴിഞ്ഞതെന്ന് തരൂർ പറഞ്ഞു. റോഡുകളിൽ അങ്ങോളമിങ്ങോളം ചെക്ക്പോസ്റ്റുകളും കോൺക്രീറ്റ് ബാരിക്കേഡുകളും ആണിനിരത്തിയ നിലയിലായിരുന്നു. 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെക്കുറിച്ച് ചോദ്യം ചോദിക്കുന്നതിൽനിന്ന് പൗരന്മാരെ തടയാനായി യുവാക്കളെ വീടുകളിൽനിന്നും തെരുവുകളിൽനിന്നും കസ്റ്റഡിയിലെടുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ സ്ത്രീകൾക്ക് സംരക്ഷണം ആവശ്യമായി വരുമ്പോൾ ഈ മുൻഗണനയും വൻതോതിലുള്ള സുരക്ഷാ സന്നാഹങ്ങളും എങ്ങോട്ടാണ് അപ്രത്യക്ഷമാകുന്നതെന്നും തരൂർ ചോദിച്ചു. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണം. തിങ്കളാഴ്ച പ്രതിഷേധക്കാർ വീണ്ടും മടങ്ങിയെത്തിയാൽ അധികാരികൾ തലസ്ഥാനം വീണ്ടും അടച്ചിടുമോ? നമ്മുടെ യുവതലമുറ (GenZ) അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ (Emer-GenZ) നല്ലത് അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പുകളുടെ സുതാര്യതയിൽ ആത്മവിശ്വാസമുള്ള ഒരു സർക്കാർ, ചോദ്യങ്ങളെ സ്വാഗതംചെയ്യുകയാണ് വേണ്ടത്. എന്നാൽ, തലസ്ഥാനത്തെ ഒരു കോട്ടയാക്കി മാറ്റുന്നത് ജനങ്ങളുടെ സംശയങ്ങളെ കൂട്ടുകയേയുള്ളൂ. സർക്കാരിന്റെ മറുപടി ലാത്തിച്ചാർജുകളല്ല, മറിച്ച് വ്യക്തമായ വിശദീകരണങ്ങളാണ്. ബാരിക്കേഡുകൾ ഉയർത്തി തിരഞ്ഞെടുപ്പ് കമ്മിഷനിൽ വിശ്വാസം പുനഃസ്ഥാപിക്കാനാവില്ല. ജനാധിപത്യത്തിന്റെ ശക്തിയളക്കുന്നത് ചോദ്യങ്ങൾ ചോദിക്കുന്നവരോട് അതെങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണെന്നും തരൂർ പറഞ്ഞു.
Published: 10 Oct 2026, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented