വാഷിങ്ടണ്‍:  പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി അമേരിക്കയില്‍ അറസ്റ്റിലായി. ബൽജിയൻ പൗരനായ നേഹൽ ജൂലായ് നാലിനാണ് അറസ്റ്റിലായത്. 

To advertise here,

എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ചേര്‍ന്ന് നേഹലിനെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നേഹലിനെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.  

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനത്തിലെ സെക്ഷന്‍ മൂന്ന്, ഇന്ത്യന്‍ ന്യായ സംഹിതയിലെ സെക്ഷന്‍ 120-ബി, 201 പ്രകാരമുള്ള ക്രമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നേഹലിനെതിയെ ഉള്ളത്. 

പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് നേഹലിന് ബന്ധമുണ്ട് എന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ബാങ്ക്തട്ടിപ്പ് കേസാണ് ഇത്.  നീരവ് മോദിക്ക് വേണ്ടി കള്ളപ്പണം വെളുപ്പിക്കുന്നതില്‍ നേഹല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബിഐയും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  ഈ കേസുമായി ബന്ധപ്പെട്ട്  തെളിവ് നശിപ്പിക്കല്‍, അന്വേഷണം തടസപ്പെടുത്തല്‍, സാക്ഷികളെ സ്വാധീനിക്കല്‍ എന്നീ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നേഹലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച്  കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് നീരവിന് എതിരെയുള്ള കേസ്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടിയ മോദിയെ 2019 മാര്‍ച്ചില്‍ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നീരവ് മോദിയെ യുകെയില്‍ നിന്ന് വിട്ട് കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്.