കോഴിക്കോട്:  പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ബ്രാഞ്ചില്‍നിന്ന് പണം തട്ടിയെടുത്തത് താന്‍ ഒറ്റയ്ക്കാണെന്ന് മുന്‍ മാനേജര്‍ റിജിലിന്റെ മൊഴി. തട്ടിയെടുത്ത പണം ഓഹരിവിപണിയിലാണ് നിക്ഷേപിച്ചതെന്നും പേഴ്‌സണല്‍ ലോണിന്റെ ഇ.എം.ഐ. അടക്കാനും ഈ പണം ഉപയോഗിച്ചെന്നും ഇയാള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. 

To advertise here,

ബാങ്കില്‍നിന്ന് തട്ടിയെടുത്ത പണം ഓഹരി വിപണിയിലാണ് നിക്ഷേപിച്ചത്. ഹോം ലോണും പേഴ്‌സണല്‍ ലോണുമെല്ലാം എടുത്ത് ഈ തുകയും ഓഹരിവിപണിയില്‍ നിക്ഷേപിച്ചിരുന്നു. പേഴ്‌സണല്‍ ലോണിന്റെ തവണ അടച്ചത് തട്ടിയെടുത്ത പണം ഉപയോഗിച്ചാണെന്നും ഇയാള്‍ നല്‍കിയ മൊഴിയിലുണ്ട്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. 

പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളില്‍നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്റേതുള്‍പ്പെടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന റിജിലിനെ  ചാത്തമംഗലം ഏരിമല കുറ്റിയേരിമ്മലിലെ ബന്ധുവീട്ടില്‍നിന്നാണ് ബുധനാഴ്ച വൈകീട്ട് ക്രൈംബ്രാഞ്ച് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് ചാത്തമംഗലം ഭാഗത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. സ്വന്തം വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബന്ധുവീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രാത്രികാലത്ത് ഇവിടെയെത്തി വീടിന്റെ മുകള്‍നിലയില്‍ താമസിക്കുകയായിരുന്നുവെന്നാണ് വിവരം.

17 അക്കൗണ്ടുകളില്‍നിന്നായി 21.29 കോടിയുടെ തിരിമറി നടത്തിയെന്നും അതില്‍ 12.68 കോടി നഷ്ടപ്പെട്ടെന്നുമാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയത്. നവംബര്‍ 29-നാണ് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍നിന്ന് 98 ലക്ഷം നഷ്ടമായതായി ബാങ്ക് ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിന്നാലെ കോര്‍പ്പറേഷനും പരാതിപ്പെട്ടു.