
കൊച്ചി: പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ശാഖയിൽ നടന്ന 12.6 കോടി രൂപയുടെ വെട്ടിപ്പിൽ സി.ബി.ഐ.ക്ക് കേസെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 'അനുമതി' കടമ്പ. കേരളത്തിൽ ഏതൊരു കേസും രജിസ്റ്റർ ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിവേണം. സമാനമായി പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥനെ പ്രതിയാക്കണമെങ്കിൽ അഴിമതിതടയൽ നിയമത്തിലെ '17എ' സെക്ഷൻപ്രകാരം ബന്ധപ്പെട്ട വകുപ്പുകളുടേയും മുൻകൂർ അനുമതി തേടണം.
ഈ കേസിൽ സി.ബി.ഐ. ഇതുവരെ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തെഴുതിയിട്ടില്ല. ഇത്തരം അനുമതികളൊന്നും ആവശ്യമില്ലാത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രാഥമികനടപടിയായ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫോർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർചെയ്തിട്ടുമില്ല. ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങനെപോകുന്നുവെന്ന് നിരീക്ഷിച്ചശേഷമേ രണ്ട് ഏജൻസികളും അന്വേഷണത്തിലേക്കുകടക്കു.
നയതന്ത്ര സ്വർണക്കടത്ത്-ലൈഫ് മിഷൻ കേസുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കേസെടുക്കാൻ സി.ബി.ഐ.ക്ക് നൽകിയിരുന്ന പൊതുസമ്മതി കേരളം 2021 നവംബർ നാലിന് പിൻവലിച്ചിരുന്നു. ഇതുപ്രകാരം. കേരളത്തിൽ കേസ് സി.ബി.ഐയ്ക്ക് രജിസ്റ്റർചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിവേണം. ഇതിനായി സംസ്ഥാനസർക്കാർ രേഖാമൂലം ആവശ്യപ്പെടുകയോ സംസ്ഥാനത്തിന്റെ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ. കത്തുനൽകുകയോ വേണം.
ഈ രീതിയിൽ ആദ്യമായി സി.ബി.ഐ. അനുമതിതേടിയത് കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാനായിരുന്നു. രണ്ടുമാസത്തോളം വൈകിയാണ് സംസ്ഥാനം അനുമതി നൽകിയത്. കേസ് കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടാലും സി.ബി.ഐ.ക്ക് അന്വേഷിക്കാം. അതാകുമ്പോൾ സംസ്ഥാന സർക്കാർ സ്വഭാവികമായി അനുമതി നൽകേണ്ടിവരും.
1988-ലെ അഴിമതി തടയൽ നിയമം, 2018ൽ കേന്ദ്രസർക്കാർ ഭേദഗതിചെയ്തതിനെ തുടർന്നാണ് സി.ബി.ഐ.ക്ക് അന്വേഷണത്തിന് '17 എ കുരുക്ക്' വന്നത്. ഇതുപ്രകാരം പെതുസേവകർക്കെതിരേ അന്വേഷണം നടത്തണമെങ്കിൽ ബന്ധപ്പെട്ട മന്ത്രാലയം-വകുപ്പ് എന്നിവയിൽ നിന്ന് മുൻകൂർ അനുമതി തേടിയിരിക്കണം. പഞ്ചാബ് നാഷണൽ ബാങ്ക് പൊതുമേഖലയിലായതിനാൽ ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതിവാങ്ങണം. ആരോപണവിധേയനായ എം.പി. റിജിൽ സീനിയർ മാനേജർ തലത്തിലുള്ള ഉദ്യോഗസ്ഥനായതിനാൽ കേസ് അനുമതി തേടേണ്ടതും അന്വേഷിക്കേണ്ടതും അഡീഷണൽ ഡയറക്ടർ ജനറൽതലത്തിലുള്ള ഉദ്യോഗസ്ഥനാണ്.
റിജിൽ ഒളിവിൽത്തന്നെ
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തിരിമറി നടന്നതുമായി ബന്ധപ്പെട്ട് മുൻ മാനേജർ എം.പി. റിജിൽ ഇപ്പോഴും ഒളിവിൽത്തന്നെ. സെഷൻസ് കോടതി റിജിലിന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയെങ്കിലും ഇതുവരെ ക്രൈംബ്രാഞ്ചിനുമുന്നിൽ കീഴടങ്ങിയിട്ടില്ല.
റിജിൽ കേരളത്തിന് വെളിയിലേക്ക് കടന്നിട്ടില്ലെന്നാണ് നിഗമനം. അതേസമയം, റിജിലുമായി ബന്ധപ്പെട്ട് കൂടുതൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ നൽകിയിരുന്നു. തട്ടിപ്പ് പുറത്തുവന്നപ്പോൾ വീട്ടിൽനിന്ന് പോയ റിജിൽ പിന്നീട് വന്നിട്ടില്ലെന്നാണ് വിവരം.
21.29 കോടിയുടെ തിരിമറിയിലൂടെ 12.68 കോടിയാണ് വിവിധ അക്കൗണ്ടുകളിൽനിന്ന് നഷ്ടമായത്. പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പോലീസ് കണ്ടെത്തിയിരുന്നു. അതിനാൽ തുടരന്വേഷണത്തിന് കസ്റ്റഡിയിലുള്ള അന്വേഷണം ആവശ്യമാണെന്ന് കാണിച്ചാണ് മുൻകൂർജാമ്യം തള്ളിയത്. റിജിൽ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
10 കോടിയിലേറെയും റിജിൽ ഓഹരിവിപണിയിൽ നഷ്ടപ്പെടുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന തുക റമ്മികളിയിലും മറ്റുചില ഇടപാടുകളിലുമാണ് ഉപയോഗിച്ചിട്ടുള്ളത്. കോർപ്പറേഷന് 12.6 കോടിയാണ് നഷ്ടമായത്. ഇതിൽ 2.53 കോടി തിരിച്ചുനൽകി. ശേഷിക്കുന്ന 10.07 കോടി തിങ്കളാഴ്ച ചേരുന്ന ബാങ്കിന്റെ ബോർഡ് യോഗത്തിനുശേഷം നൽകുമെന്നാണ് കരുതുന്നത്. പലിശയുൾപ്പെടെ നൽകണമെന്നാണ് കോർപ്പറേഷന്റെ ആവശ്യം.
Content Highlights: punjab national bank scam kozhikode corporation
Published: 10 Dec 2022, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented