
നെയ്‌റോബി: കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. പത്തിലേറെ നിലകളുള്ള കെട്ടിടമാണ് നിലംപൊത്തിയത്. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. നെയ്റോബിയിലെ ഈസ്റ്റ്ലീ മേഖലയിലെ തിരക്കേറിയ തെരുവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. അതിനിടെ അപകടം നടന്ന സ്ഥലത്തെ കടകൾ കൊള്ളയടിക്കാൻ ശ്രമിച്ചവർക്കുനേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഒട്ടേറെ വ്യാപാരികളും താമസക്കാരും വന്നുകൊണ്ടിരിക്കുന്ന സ്ഥലമാണിത്. കെട്ടിടം തകരുന്നതിന് തൊട്ടുമുൻപ് തൊഴിലാളികൾ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുന്നത് കണ്ടതായും കെട്ടിടം തകരുകയാണെന്ന് അവർ വിളിച്ചുപറഞ്ഞതായും ദൃക്‌സാക്ഷികൾ പറഞ്ഞു. താൻ പുറത്തേക്കിറങ്ങിയ അവസാനത്തെ ആളായിരുന്നെന്നും തൊട്ടുപിന്നാലെ കെട്ടിടം തകർന്നുവീണ് പ്രദേശമാകെ പൊടിപടലങ്ങൾ നിറഞ്ഞെന്നുമാണ് കെട്ടിടത്തിലെ അഞ്ചാംനിലയിൽ പ്ലാസ്റ്ററിങ് ജോലിചെയ്യുകയായിരുന്ന ജോസഫ് കൗള എന്നയാൾ പറഞ്ഞു.
ചിലർ അകത്ത് കുടുങ്ങിയിട്ടുണ്ടെന്നാണ് കൗളയുടെ ആശങ്ക. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരാൾ നിലവിളിക്കുന്നത് കേട്ടെന്നും പിന്നീട് ശബ്ദം നിലച്ചെന്നും കൗള പറയുന്നു. തകർന്ന കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് ചാഞ്ഞുനിൽക്കുന്നതിനാൽ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. മുകളിൽ നിർമാണം പുരോഗമിക്കുമ്പോഴും താഴത്തെ നിലകൾ വാടകയ്ക്കുനൽകിയിരുന്നു. ഇവിടെ ഇലക്ട്രോണിക്‌സ്, പലചരക്കുകട, ഇറച്ചിക്കട എന്നിവ പ്രവർത്തിച്ചിരുന്നതായി അധികൃതർ പറഞ്ഞു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലർ ഫോണിൽ വിളിച്ച് സഹായത്തിനായി അഭ്യർഥിച്ചിരുന്നെങ്കിലും പിന്നീട് അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറയുന്നു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാവാതിരുന്നതും തിരിച്ചടിയായി. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും താമസത്തിനോ വാണിജ്യാവശ്യങ്ങൾക്കോ ഉപയോഗിക്കാനുള്ള ഒക്യുപേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
Content Highlights: A multi-story building under construction collapsed in Nairobi's Eastleigh area.
Published: 24 Oct 2026, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented