ന്യൂഡൽഹി: അടുത്തിടെയുണ്ടായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ജാഗ്രതാനിർദേശവും സുരക്ഷാ മുന്നറിയിപ്പും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.). സൈബർ സുരക്ഷാ ലംഘനത്തിൽ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ, വാട്ട്‌സ്ആപ്പ് എന്നിവ വഴി വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് എസ്‌.ബി.ഐ. അറിയിച്ചു.

To advertise here,

അതേസമയം, ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം പൂർണമായും സുരക്ഷിതമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതമായ മാർഗങ്ങൾ പിന്തുടരണമെന്നും ബാങ്ക് ഓർമിപ്പിച്ചു.

നിങ്ങളുടെ ഒടിപി (OTP), പിൻ (PIN), പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവെക്കരുതെന്നും സംശയാസ്പദമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയ്‌ക്കെതിരെ എപ്പോഴും ജാഗ്രത പാലിക്കണമെന്നും എസ്.ബി.ഐ. നിർദേശിച്ചു.

സൈബറാക്രമണത്തെത്തുടർന്ന് എസ്.ബി.ഐയുടെ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നിരുന്നു. ചൊവ്വാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിലാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 16-ന് തങ്ങളുടെ ത്രെട്ട് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സെർട്ട്-ഇൻ (CERT-In) എന്നിവയിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി എസ്ബിഐ വ്യക്തമാക്കി.

ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3,75,000 റെക്കോർഡുകളാണ് പ്രാഥമിക വിശകലനത്തിന് വിധേയമാക്കിയത്. ഇതിൽ നിന്നാണ് 3,897 ഉപഭോക്തൃ റെക്കോർഡുകൾ തിരിച്ചറിഞ്ഞത്. ഉപഭോക്താക്കളുടെ പേരുകൾ, മേൽവിലാസം, മൊബൈൽ നമ്പറുകൾ, ജനനത്തീയതികൾ, ഇമെയിൽ ഐഡി എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതിന് പുറമേ ബ്രാൻഡ് വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ വിവരങ്ങൾ, വായ്പാ രേഖകൾ എന്നിവയും പുറത്തായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ. രംഗത്തെത്തിയത്.