ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ മൂന്നുവയസുള്ള കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അഞ്ച് പേരെ കാണാനില്ലെന്നാണ് പ്രദേശവാസികളും കുടുംബാംഗങ്ങളും പറയുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

To advertise here,

കെട്ടിടത്തിന്റെ മുൻഭാഗമാണ് തകർന്നത്. അപകടത്തിന് പിന്നാലെ ഡൽഹി ഫയർ സർവീസിന്റെ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകിട്ട് മൂന്നരയോടെയാണ് കെട്ടിടം തകർന്നതായി ഫയർ സർവീസിന് വിവരം ലഭിച്ചത്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. അഞ്ച് പേരെ നാട്ടുകാർ തന്നെയാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയതെന്ന് ഒരു പ്രദേശവാസി പറഞ്ഞു.

അപകടത്തെ തുടർന്ന് സീമാപുരിയിലും സമീപപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സീമാപുരി ഗോൾചക്കർ, ഡിഎൽഎഫ് ഭോപുര, സമീപ റോഡുകൾ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. ആംബുലൻസുകൾക്കും രക്ഷാപ്രവർത്തക വാഹനങ്ങൾക്കും വേഗത്തിൽ കടന്നുപോകാൻ വഴിയൊരുക്കുന്നതിനായി പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

കെട്ടിടം തകരാനുള്ള കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന് ഡൽഹി-എൻസിആർ മേഖലയിൽ അനുഭവപ്പെട്ട പ്രകമ്പനങ്ങൾക്ക് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ കെട്ടിടം തകർന്നതിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

ഡൽഹിയിലെ സത്യ നികേതൻ മേഖലയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് ഒരു മാസത്തിന് ഇപ്പുറമാണ് സീമാപുരിയിലെ ദുരന്തമുണ്ടാകുന്നത്. സത്യ നികേതൻ ദുരന്തത്തിന് പിന്നാലെ തലസ്ഥാനത്തെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനിൽക്കെയാണ് മറ്റൊരു അപകടമുണ്ടാകുന്നത്.