ബാങ്കോക്ക്: ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നു. മരണം സംഖ്യ ഉയരുകയാണ്. ഇതുവരെ 838 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 1670 പേർക്ക് പരിക്കേറ്റതായാണ് മ്യാൻമർ സൈനിക നേതാവ് വ്യക്തമാക്കിയത്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറിന് കൈത്താങ്ങായി ഇന്ത്യ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. അവിടത്തെ ജനസുരക്ഷയ്ക്കായ് പ്രാർത്ഥിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടർ പ്യൂരിഫയർ, സോളാർ ലാമ്പ്, ജനറേറ്റർ അടക്കം 15 ടൺ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങൾ ഇന്ത്യ മ്യാന്മറിലേക്ക് അയച്ചു.
ബാങ്കോക്കിൽ നിലവിൽ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മ്യാൻമാറിനൊപ്പം ഭൂകമ്പം വലിയ നാശം വിതച്ച തായ്‌ലാൻഡിൽ പ്രധാനമന്ത്രി പെയ്‌തൊങ്ടാൺ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലും മെട്രോ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കയാണ്.
7.9 തീവ്രതയുള്ള ഭൂകമ്പമാണ് യുനാനിൽ അനുഭവപ്പെട്ടത്. 1.7 കോടിപ്പേർ പാർക്കുന്ന അംബരചുംബികളാൽനിറഞ്ഞ നഗരമാണ് ബാങ്കോക്ക്. പ്രകമ്പനമനുഭവപ്പെട്ടതിനുപിന്നാലെ ബാങ്കോക്കിലെ ബഹുനിലക്കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
ഭൂകമ്പം ഏറ്റവും കൂടുതൽബാധിച്ച മ്യാൻമാറിലെ മാൻഡലെയിൽനിന്ന് 17.2 കിലോമീറ്റർ അകലെ, സഗൈങ് നഗരത്തിന് വടക്കുപടിഞ്ഞാറ് 10-30 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. മ്യാൻമാറിലെ പട്ടാളഭരണകൂടം അന്താരാഷ്ട്രസമൂഹത്തോട് സഹായമഭ്യർഥിച്ചു.
പ്രദേശത്ത് നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. നിമിഷ നേരം കൊണ്ട് തകർന്നടിയുന്ന കെട്ടിടങ്ങൾ, ഭൂമികുലുക്കത്തിന്റെ ശക്തിയിൽ കെട്ടിടത്തിന്റെ റൂഫ് ടോപ്പിലെ സ്വിമ്മിങ്ങ് പൂളിൽ നിന്ന് തുളുമ്പി താഴേക്ക് വെള്ളച്ചാട്ടം കണക്കെ പതിക്കുന്ന വെള്ളം, കുളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദുരന്തമെത്തിയപ്പോൾ ഇട്ടെറിഞ്ഞ് ഓടിയ വസ്ത്രങ്ങൾ എല്ലാം വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. സാമൂഹിക മാധ്യമങ്ങളിൽ നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ വീഡിയോയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികതയിൽ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
Content Highlights: Myanmar earthquake toll rise live update
Published: 29 Mar 2025, 10:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented