ഒറ്റമാവുങ്കൽ (കാസർകോട്): നിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെ കാസർകോട് ഒറ്റമാവുങ്കാലിലെ സദന്റെ വീടിനടിയിൽ വലിയൊരു ഗുഹ കണ്ടെത്തിയത് മാതൃഭൂമി ഡോട്ട്‌കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഗുഹയ്ക്ക് മുകളിലുള്ള വീട്ടിൽ താമസിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് നൽകിയിരിക്കുകയാണ് അധികൃതർ.

To advertise here,

ഇതോടെ സങ്കടത്തിലായ സദനും കുടുംബത്തിനും പുതിയ വീടൊരുക്കിനൽകാൻ ജനകീയ സമിതി രൂപവത്കരിച്ചിരിക്കുകയാണ് നാട്ടുകാർ. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന കുമാരിയുടെ നേതൃത്വത്തിലാണ് ജനകീയ സമിതിക്ക് രൂപംകൊടുത്തിരിക്കുന്നത്.

കാസർകോട് കേരളബാങ്കിന്റെ മുന്നാട് ബ്രാഞ്ചിൽ സദന് വീടൊരുക്കാൻ സുമനസ്സുകളുടെ സഹായംതേടി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

ഏറെക്കാലത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഒരു വീട് നിർമിക്കുകയും ആഗസ്ത് 28-ന് ഗൃഹപ്രവേശനം നിശ്ചയിക്കുകയും ചെയ്തിരുന്നു, കാറ്ററിങ് ജോലിക്കാരൻ കൂടിയായ സദൻ. പക്ഷെ, സെപ്റ്റിക്ക് ടാങ്കിന്റെ കുഴിയെടുക്കുന്നതിനിടെ വീടിനടിയിൽ വലിയ ഗുഹ കണ്ടെത്തുകയായിരുന്നു. 90 ശതമാനവും പണി പൂർത്തിയായ വീടിന് അടിയിൽക്കൂടിയാണ് വലിയ തുരങ്കം പോലെയുള്ള ഗുഹ പ്രത്യക്ഷപ്പെട്ടത്. പുഴയിലൂടെന്നപോലെ വെള്ളവും ഒലിക്കുന്നുണ്ടായിരുന്നു. ഏതുനിമിഷവും അപകടം സംഭവിക്കാമെന്ന അവസ്ഥ.

ഗുഹ രൂപപ്പെട്ടതിന് കാരണം സോയിൽ പൈപ്പിങ് ആണെന്നാണ് ജിയോളജി, സോയിൽ ഡിപ്പാർട്ട്‌മെന്റുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെയാണ് സദനും കുടുംബത്തിനും പുതിയതായി നിർമിച്ച വീട്ടിൽ താമസിക്കാൻ കഴിയില്ലെന്നാണ് അധികൃതർ റിപ്പോർട്ട് നൽകിയത്.

ലോണെടുത്തും കടംവാങ്ങിയും ഭാര്യയുടെ കയ്യിലുള്ള സ്വർണം വിറ്റുമെല്ലാം 30 ലക്ഷത്തോളം രൂപ കണ്ടെത്തിയായിരുന്നു സദൻ വീടെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹം പൂർത്തിയാക്കിയത്. പക്ഷെ, അവസാനമിനുക്കുപണിയിൽ ഇടിത്തീയെന്ന പോലെ ഗുഹ പ്രത്യക്ഷപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചിരിക്കുകയാണ് ഈ യുവാവ്. ഇവിടെ ഓരോരുത്തരും തനിക്കുവേണ്ടി കൈത്താങ്ങാവണം എന്നാണ് സദനും പറയാനുള്ളത്.

സദന്റെ വീടിനെ കുറിച്ച് മാതൃഭൂമി ഡോട്ട്‌കോം നൽകിയ വീഡിയോ