ജക്കാർത്ത: ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ജാവ, സുമാത്ര ദ്വീപുകൾക്ക് മധ്യേ സ്ഥിതിചെയ്യുന്ന അനക് ക്രാക്കത്തോവ അഗ്‌നിപർവതത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ശക്തമായ സ്ഫോടനമുണ്ടായത്. ഇതുമൂലം വൻതോതിൽ പുകപടലങ്ങൾ വ്യാപിച്ചതോടെ ട്രാൻസ്പോർട്ട് മന്ത്രാലയം വിമാനത്താവളങ്ങൾ അടച്ചിടാൻ ഉത്തരവിടുകയായിരുന്നു. വിമാനസർവീസ് റദ്ദാക്കിയത് ഏകദേശം 1,70,000 യാത്രക്കാരെ ബാധിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
ജക്കാർത്തയിലെ രണ്ട് വിമാനത്താവളങ്ങൾ, ലാംപങ്, വെസ്റ്റ് ജാവ തുടങ്ങിയ പ്രവിശ്യകളിലെ വിമാനത്താവളങ്ങളുമാണ് സർവീസ് നിർത്തിവെച്ചത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് പറയാനാകില്ലെന്ന് ഗതാഗതമന്ത്രി ദുഡി പൂർവഗന്ധി പറഞ്ഞു. ആകെ എട്ട് വിമാനത്താവളങ്ങളിലായി 1,558 സർവീസുകൾ വൈകിയെന്ന് മന്ത്രാലയം അറിയിച്ചു. ജക്കാർത്തയിലെ സ്‌കൂളുകളിൽ തിങ്കളാഴ്ച ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. കപ്പൽ ഗതാഗതത്തേയും ഇത് ബാധിച്ചിട്ടുണ്ട്. സ്വാഭാവിക ദുരന്തമായതിനാൽ യാത്രക്കാരുടെ പ്രതിഷേധമുണ്ടായില്ല.
ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ അഗ്നിപർവതത്തിൽനിന്ന് ലാവ പുറത്തേക്കൊഴുകുകയും കിലോമീറ്ററുകൾ അകലെവരെ വലിയ ശബ്ദംകേൾക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയും സ്‌ഫോടനങ്ങൾ തുടർന്നു. വരുംദിവസങ്ങളിലും കൂടുതൽ സ്‌ഫോടനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് അഗ്നിപർവത നിരീക്ഷണ ഏജൻസി നൽകുന്ന മുന്നറിയിപ്പ്. ജാവയേയും സുമാത്രയേയും വേർതിരിക്കുന്ന കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അഗ്‌നിപർവതത്തിന് ചുറ്റുമുള്ള മൂന്നു കിലോമീറ്റർ നിരോധിത മേഖലയിലേക്ക് ഒരുവിധ യാനങ്ങളും പ്രവേശിക്കരുതെന്ന് ലോക്കൽ പോർട്ട് അതോറിറ്റി അറിയിച്ചു.
Published: 08 Sept 2026, 12:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented