
ധാക്ക: ബംഗ്ലാദേശിൽ നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ അധികാരമേറ്റു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും തന്റെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കുമെന്നും യൂനുസ് പറഞ്ഞു.
പാരീസിൽനിന്നും ദുബായ് വഴി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ അദ്ദേഹം ബംഗ്ലാദേശ് തലസ്ഥാനത്തെത്തിയിരുന്നു. മഹത്തായ ദിവസമാണ് ഇന്നത്തേതെന്ന് വിമാനത്താവളത്തിൽ വെച്ച് യൂനുസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവി സംഭവിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയത്തെ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കണമെന്ന് യൂനുസ് നേരത്തെ പറഞ്ഞിരുന്നു. കാവൽസർക്കാർ ഏതാനുംമാസത്തിനകം ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു കളമൊരുക്കുന്നതിനായി ബംഗ്ലാദേശ് പാർലമെന്റ് ചൊവ്വാഴ്ച പ്രസിഡന്റ് പിരിച്ചുവിട്ടിരുന്നു.
2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഡോ. യൂനുസ്. ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് 1983-ല്‍ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകള്‍ സ്ഥാപിച്ചയാളാണ് യൂനുസ്. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിച്ചതിനാണ് 2006-ല്‍ യൂനുസിന് നൊബേല്‍സമ്മാനം ലഭിച്ചത്. 2008-ല്‍ അധികാരത്തില്‍വന്നശേഷം തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് ഹസീന സര്‍ക്കാര്‍ യൂനുസിനെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. പല കേസുകളിലും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: Muhammad Yunus Takes Oath As Head Of Bangladesh Interim Government
Published: 08 Aug 2024, 11:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented