ആഡിസ് അബാബ: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അവിടത്തെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എത്യോപ്യ സിംഹങ്ങളുടെ നാടാണെന്നും തന്റെ മാതൃസംസ്ഥാനമായ ഗുജറാത്ത് ഇന്ത്യയിലെ സിംഹങ്ങളുടെയും ആവാസ കേന്ദ്രമായതിനാല്‍ തനിക്ക് ഇവിടം വീട്ടിലെത്തിയതുപോലെയാണ് തോന്നുന്നതെന്നും മോദി പറഞ്ഞു.

To advertise here,

ഇന്ത്യയുടെ വന്ദേമാതരവും എത്യോപ്യയുടെ ദേശീയ ഗാനവും നമ്മുടെ ഭൂമിയെ മാതാവ് എന്നാണ് പരാമര്‍ശിക്കുന്നത്. പൈതൃകം, സംസ്‌കാരം, സൗന്ദര്യം എന്നിവയില്‍ അഭിമാനിക്കാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും അവ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കി. കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് എത്യോപ്യയ്ക്ക് നാല് ദശലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ഇന്ത്യയുടെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് എത്യോപ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെടുന്നുവെന്നും മോദി പറഞ്ഞു.

എത്യോപ്യയിലെത്തിയ മോദി, എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ- എത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.

എത്യോപ്യയുടെ പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ, മോദിക്ക് സമ്മാനിച്ചു. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ആഗോള രാഷ്ട്രത്തലവനാണ് അദ്ദേഹം. 2011-നു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എത്യോപ്യ സന്ദര്‍ശിക്കുന്നത്.