മെസ്സി ഈസ് എ ഡോഗ്. ഫുട്‌ബോളിന്റെ ഒരേയൊരു മിശിഹയെ ഗോഡെന്നും ഗോട്ടെന്നും മാത്രം കേട്ടുശീലിച്ചവർക്ക് ഉള്ളിലൊരു കൊള്ളിയാൻ മിന്നിയേക്കാം. പക്ഷേ, വികാരവിക്ഷോഭത്തിൽ രോഷത്തിന്റെ ആയുധമെടുത്ത് പടയ്ക്കിറങ്ങാൻ വരട്ടെ. ആരാധകലഹളയുടെ പക എയ്‌തൊരു അധിക്ഷേപമല്ലിത്. കാൽപന്തിന്റെ മഹേന്ദ്രജാലക്കാരനെ, ആ ഇന്ദ്രജാലത്തെ സമാനതകളില്ലാത്ത ഉപമ കൊണ്ട് വരച്ചിട്ടൊരു പുസ്തകത്തിന്റെ തലക്കെട്ടാണിത്. മെസ്സി എസ് ഊൻ പെറോ. അതാണതിന്റെ യഥാർഥ പേര്. എഴുതിയതൊരു ബ്രസീലുകാരനോ പോർച്ചുഗീസുകാരനോ അല്ല. കറകളഞ്ഞൊരു അർജന്റീനക്കാരനാണ്. നോവലിസ്റ്റും മാധ്യമപ്രവർത്തകനുമൊക്കെയായ ഹെർനൻ കാസിയാരി. മെസ്സിയെ കുട്ടിക്കാലത്തെ തന്റെ പട്ടിയായ ടോട്ടിനോട് ഉപമിച്ചെഴുതിയ ഈയൊരൊറ്റ പുസ്തകം കൊണ്ട് വിശ്വവിഖ്യാതനായ ആളാണ് കാസിയാരി. നിസാരക്കാരനല്ലയാൾ. മെസ്സിയെപ്പോലെ അർജന്റീന വിട്ട് ബാഴ്‌സലോണയിലേയ്ക്ക് കൂടുമാറിയ ആളാണ്. അതും ഇഷ്ടദൈവമായ മെസ്സിയുടെ കളി കാണാൻ വേണ്ടി മാത്രം. നാളെ ഒരുപക്ഷേ, ഭാര്യയും മകളും അർജന്റീനയിലേയ്ക്ക് മടങ്ങിയാൽ മെസ്സിയെ കണ്ടുകൊണ്ടിരിക്കാൻ അവരെ ഉപേക്ഷിച്ച് ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ പരസ്യമായി എഴുതിയ ആളാണ്.

To advertise here,

മെസ്സിയെന്ന കളിക്കാരനിലെ ഏറെയാരും കാണാത്ത, ഏറെപ്പേരൊന്നും ചൂണ്ടിക്കാണിക്കാത്തൊരു സവിശേഷതയാണ് കാസിയാരിയുടെ പുസ്തകത്തിന്റെ ഇതിവൃത്തം. വെറുമൊരു അനുഭവക്കുറിപ്പല്ല, ഉപരിപ്ലവമായ നിരീക്ഷണവുമല്ല. മെസ്സിയുടെ നൂറുകണക്കിനുള്ള കളികളുടെ വീഡിയോ പലകുറി കണ്ട് ഫ്രെയിമോടു ഫ്രെിയം ഇഴകീറി പരിശോധിച്ചശേഷമാണ് കാസിയാരി അത് അക്ഷരങ്ങളിലാക്കിയത്. മെസ്സിയെക്കുറിച്ച് ഡസൻ കണക്കിനുള്ള പുസ്തകങ്ങളിൽ നിന്ന് ഈയൊരു കുഞ്ഞു പുസ്തകം കൂട്ടംതെറ്റിനിൽക്കാൻ കാരണം അതിലെ വേറിട്ട നിരീക്ഷണമാണ്. മെസ്സിയിൽ പലരും കാണാതെ പോകുന്ന ഒരു സവിശേഷതയാണ് അത് ചൂണ്ടിക്കാട്ടിയത്. മെസ്സിയുടെ വിരമിക്കൽ എന്തുകൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ ഇത്രമേൽ നോവു പടർത്തുന്നുവെന്ന, ബ്യൂണസ് ഏറീസ് മുതൽ കോഴിക്കോട്ടങ്ങാടിവരെ അതൊരു വൈകാരികവിക്ഷോഭമായത് എന്ത് കൊണ്ടാണെന്ന, ചോദ്യത്തിനുള്ള ഉത്തരം കൂടിയുണ്ട് ഈ നിരീക്ഷണത്തിൽ.