
ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയയുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ധാക്കയിലെ ദേശീയ പാർലമെന്റ് മന്ദിരത്തിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും നേതാക്കളും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. ഖാലിദ സിയയുടെ മകനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്‌മാനെ ജയ്ശങ്കർ സന്ദർശിച്ചു. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ഇന്ത്യയുടെ അഗാധമായ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന കത്ത് താരിഖ് റഹ്‌മാന് കൈമാറിയതായും ജയ്ശങ്കർ എക്‌സിലൂടെ അറിയിച്ചു.
ഖാലിദയുടെ ഭർത്താവും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‌മാന്റെ ധാക്കയിലെ ശവകുടീരത്തിനടുത്താണ് കബറടക്കം. ഉച്ചയ്ക്ക് 2 മണിക്ക് ബംഗ്ലാദേശ് നാഷണൽ പാർലമെന്റ് കെട്ടിടത്തിന്റെ സൗത്ത് പ്ലാസയിലെ മണിക് മിയാ അവന്യൂവിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ മുഹമ്മദ് യൂനുസ് അടക്കമുള്ള ബംഗ്ലാദേശിലെ ഉന്നത രാഷ്ട്രീയ നേതൃത്വം പങ്കെടുത്തു.
ബുധനാഴ്ച ബംഗ്ലാദേശിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയ, ദീർഘകാല രോഗത്തെത്തുടർന്ന് 80-ാം വയസ്സിൽ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. പതിറ്റാണ്ടുകളായി ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രധാന വ്യക്തിത്വമായിരുന്ന അവർ മൂന്ന് തവണ രാജ്യം ഭരിക്കുകയും സൈനിക ഭരണത്തിനു ശേഷമുള്ള ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
Published: 31 Dec 2025, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented