വ്യാജവാര്ത്തകള് റിപ്പോര്ട്ട് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ തീരുമാനം

വാഷിങ്ടൺ ഡി.സി: വൈറ്റ് ഹൗസിൽ മാധ്യമവിലക്കിനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളായ സിഎൻഎൻ, പൊളിറ്റിക്കോ, എംഎസ് നൗ എന്നിവയെയാണ് വിലക്കാൻ തീരുമാനിച്ചത്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറയുന്നു. എന്നാൽ എങ്ങനെയാണ് ഈ വിലക്ക് നടപ്പാക്കുക എന്നതിൽ ഇനിയും വ്യക്തതയില്ല. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷവും മൂന്ന് സ്ഥാപനങ്ങളിലേയും മാധ്യമപ്രവർത്തകർ വൈറ്റ് ഹൗസിൽ ജോലി ചെയ്തുവരുന്നതായാണ് റിപ്പോർട്ട്.
വ്യാജവാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് മൂന്ന് മാധ്യമങ്ങളെ വിലക്കാൻ തീരുമാനിച്ചത്. ട്രംപിന്റെ സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'നിരന്തരമായി വ്യാജവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കുന്നതായി അഭിമാനപൂർവം പ്രഖ്യാപിക്കുന്നു. യുഎസ് പ്രസിഡന്റിനേയും ട്രംപ് ഭരണകൂടത്തേയും യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയേയും കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമസ്ഥാപനങ്ങൾ കെട്ടുകഥകളും നുണകളും എഴുതാനോ റിപ്പോർട്ട് ചെയ്യാനോ പാടില്ല. ഇതേ വിധിയാണ് വ്യാജവാർത്ത നൽകുന്ന മറ്റ് മാധ്യമസ്ഥാപനങ്ങളേയും കാത്തിരിക്കുന്നത്.' -ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ സിഎൻഎൻ രംഗത്തെത്തി. അമേരിക്കയിലെ മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള നിയമവിരുദ്ധമായ ആക്രമണമാണ് ഇതെന്നായിരുന്നു സിഎൻഎന്നിന്റെ പ്രതികരണം. 'ഞങ്ങളുടെ വൈറ്റ് ഹൗസ് ടീമിനേയും അവരുടെ നീതിപൂർവമായ റിപ്പോർട്ടിങ്ങിനേയും സിഎൻഎൻ പൂർണമായി പിന്തുണയ്ക്കുന്നു. ഗവൺമെന്റിന്റെ തടസപ്പെടുത്തലോ ഇടപെടലോ ഇല്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള അവകാശം യുഎസ് ഭരണഘടന ഞങ്ങൾക്ക് ഉറപ്പ് നൽകുന്നു.' -സിഎൻഎൻ പ്രസ്താവനയിൽ പറഞ്ഞു.
വൈറ്റ് ഹൗസിൽ നിന്നുള്ള നീതിപൂർവമായ വാർത്താ റിപ്പോർട്ടിങ് ഇപ്പോഴും ഭാവിയിലും തുടരുമെന്നാണ് പൊളിറ്റിക്കോ പ്രതികരിച്ചത്. യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരമുള്ള അവകാശങ്ങളെ നിയന്ത്രിക്കാനുള്ള ഏതൊരു ശ്രമത്തേയും തങ്ങൾ ചെറുക്കുമെന്നും പൊളിറ്റിക്കോ വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ് അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി. അതേസമയം എംഎസ് നൗ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തേയും ട്രംപ് മാധ്യമങ്ങളുമായി കൊമ്പുകോർത്തിട്ടുണ്ട്. ഗൾഫ് ഓഫ് മെക്‌സിക്കോയ്ക്ക് പകരം ട്രംപ് നിർദേശിച്ച ഗൾഫ് ഓഫ് അമേരിക്ക എന്ന പേര് ഉപയോഗിക്കാതിരുന്നതിന് 2025-ൽ അസോസിയേറ്റഡ് പ്രസിന്റെ (എ.പി) മാധ്യമപ്രവർക്കരെ വൈറ്റ് ഹൗസിന്റെ ചില പരിപാടികളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ എ.പി കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും തുടരുകയാണ്. 2018-ൽ വാർത്താസമ്മേളനത്തിനിടെ സിഎൻഎൻ റിപ്പോർട്ടർ ജിം അക്കോസ്റ്റയുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ ട്രംപ് അദ്ദേഹത്തിന്റെ വൈറ്റ് ഹൗസ് അക്രഡിറ്റേഷൻ റദ്ദാക്കിയിരുന്നു. പിന്നീട് കോടതി ഇടപെടലിലൂടെയാണ് അക്രഡിറ്റേഷൻ പുനഃസ്ഥാപിച്ചത്.
റിപ്പോർട്ടിങ്ങിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കി വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരെ ഏകപക്ഷീയമായി വിലക്കാൻ കഴിയില്ലെന്ന ഫെഡറൽ കോടതിയുടെ വിധി നിലവിലുണ്ട്. അതിനാൽ ട്രംപിന്റെ മാധ്യമവിലക്ക് നിയമപരമായി നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
Content Highlights: US President Donald Trump announced plans to ban CNN, Politico, and MS NOW from the White House over alleged fake news reporting. CNN and Politico condemned the move as an attack on press freedom guaranteed by the US Constitution.
Published: 19 Sept 2026, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented