ഒട്ടാവ: നടനും കൊമേഡിയനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ കഫെയ്ക്ക് നേരേ വീണ്ടും വെടിവെപ്പ്. കാനഡയിലെ സറിയിലെ 'കാപ്‌സ് കഫെ'യ്ക്ക് നേരേയാണ് വെടിവെപ്പുണ്ടായത്. കപില്‍ ശര്‍മ പുതുതായി തുറന്ന കഫെയ്ക്ക് നേരേ ജൂലായ് പത്താംതീയതിയും വെടിവെപ്പ് നടന്നിരുന്നു.

To advertise here,

കുപ്രസിദ്ധ ക്രിമിനലുകളായ ലോറന്‍സ് ബിഷ്‌ണോയി, ഗോള്‍ഡി ധില്ലന്‍ എന്നിവരുടെ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 25 തവണയോളം അക്രമികള്‍ സ്ഥാപനത്തിന് നേരേ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞമാസമുണ്ടായ വെടിവെപ്പിൽ പത്തിലേറെ തവണയാണ് അക്രമികള്‍ നിറയൊഴിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ജൂലായ് പത്തിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ജീത് സിങ് ലാഡി ഏറ്റെടുത്തിരുന്നു. ഈ സംഭവം നടന്ന് ഒരുമാസം തികയുന്നതിന് മുന്‍പേയാണ് കപില്‍ ശര്‍മയുടെ സ്ഥാപനത്തിന് നേരേ വീണ്ടും വെടിവെയ്പ്പുണ്ടായിരിക്കുന്നത്.