മിസിസിപ്പി: ഇന്ത്യൻ വംശജയും ഹിന്ദു മതവിശ്വാസിയുമായ ഭാര്യ ഉഷ വാൻസ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ്‌ ജെ.ഡി. വാൻസ്. കൊല്ലപ്പെട്ട ക്രിസ്ത്യൻ യാഥാസ്ഥിതിക പ്രവർത്തകനായ ചാർളി കിർക്ക് സ്ഥാപിച്ച സംഘടനയായ ‘ടേണിംഗ് പോയിന്റ് യുഎസ്എ’യുടെ പരിപാടിയിൽ മിസിസിപ്പി സർവകലാശാലയിൽ സംസാരിക്കുമ്പോഴാണ് വാൻസ് ഈ വിവാദ പരാമർശം നടത്തിയത്.

To advertise here,

ഭാര്യയുടെ വിശ്വാസത്തെക്കുറിച്ച് ചോദ്യം ഉയർന്നതിനെ തുടർന്നായിരുന്നു വാൻസിന്റെ പരാമർശങ്ങൾ. തന്റെ ഭാര്യ പ്രത്യേകിച്ച് മതവിശ്വാസമില്ലാത്ത ഒരു ഹിന്ദു കുടുംബത്തിലാണ് വളർന്നതെന്നും തങ്ങളുടെ മൂന്ന് മക്കളെ എങ്ങനെ വളർത്തണമെന്ന കാര്യത്തിൽ മതപരമായ വിഷയങ്ങളിൽ എപ്പോഴും തുറന്ന സംഭാഷണങ്ങൾ ഉണ്ടാകാറുണ്ടെന്നും വാൻസ് മറുപടി നൽകി.

ഉഷ തന്നോടൊപ്പം പള്ളിയിൽ വരാറുണ്ടെന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തന്നെ പ്രേരിപ്പിച്ച അതേ കാര്യങ്ങളാൽ അവളും ഒരുനാൾ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞാൻ ക്രിസ്തീയ സുവിശേഷത്തിൽ വിശ്വസിക്കുന്നതുകൊണ്ട് ആത്മാർത്ഥമായി അത് ആഗ്രഹിക്കുന്നു. എന്റെ ഭാര്യയും അതിനെ അതേ രീതിയിൽ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' അദ്ദേഹം പറഞ്ഞു.

'എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ടെന്ന് ദൈവം പറയുന്നു. അവൾ അങ്ങനെ ചെയ്തില്ലെങ്കിൽ അതെനിക്കൊരു പ്രശ്നവുമല്ല.' അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ വിവാദ പരാമർശങ്ങൾ ഓൺലൈനിൽ വലിയ വിമർശനങ്ങൾക്കാണ് ഇടവരുത്തിയത്.

അതേസമയം, ഭർത്താവിന്റെ വിശ്വാസത്തിനുവേണ്ടി തന്റെ കുടുംബത്തിന്റെ വിശ്വാസം ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉഷ വാൻസ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജൂണിൽ മേഗൻ മക്കെയ്‌നുമായുള്ള അഭിമുഖത്തിൽ, താൻ മതം മാറാനോ അതുപോലുള്ള കാര്യങ്ങളോ ഉദ്ദേശിക്കുന്നില്ലെന്ന് ഉഷ പറഞ്ഞിരുന്നു. താനും ഭർത്താവും തങ്ങളുടെ കുട്ടികൾക്ക് രണ്ടുപേരുടെയും മതപാരമ്പര്യങ്ങൾ അനുഭവിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

'ഞാൻ കത്തോലിക്കയല്ലെന്ന് കുട്ടികൾക്കറിയാം. ഞങ്ങൾ അവർക്ക് നൽകുന്ന പുസ്തകങ്ങളിലൂടെയും ഞങ്ങൾ കാണിച്ചുകൊടുക്കുന്ന കാര്യങ്ങളിലൂടെയും അടുത്തിടെ ഇന്ത്യയിലേക്ക് നടത്തിയ യാത്രയിലൂടെയും ആ സന്ദർശനത്തിലെ ചില മതപരമായ ഘടകങ്ങളിലൂടെയും അവർക്ക് ഹിന്ദു പാരമ്പര്യവുമായി ബന്ധപ്പെടാൻ ധാരാളം അവസരമുണ്ടായിട്ടുണ്ട്.' അവർ പറഞ്ഞു.

'ഉഷ വാൻസ് ഒരു ഹിന്ദുവാണ്, അജ്ഞേയവാദിയല്ല. ഇത് നിങ്ങൾക്ക് മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അവർ നടത്തിയത് ഒരു വൈദിക ഹിന്ദു വിവാഹമായിരുന്നു, അവരുടെ ഒരു കുട്ടിയുടെ പേര് വിവേക് എന്നാണ്.' വാൻസ് കുടുംബത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ-അമേരിക്കൻ കമന്റേറ്റർ ദീപ് ബരോട്ട് രംഗത്തെത്തി. ഔദ്യോഗിക പദവിയിലിരിക്കെ വിവാഹമോചനം നേടുന്ന ആദ്യത്തെ യുഎസ് വൈസ് പ്രസിഡന്റ് വാൻസ് ആയിരിക്കുമെന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ അരി ഡ്രെന്നൻ അഭിപ്രായപ്പെട്ടു.