ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ സിന്ദൂര്‍ ഓപ്പറേഷനില്‍ തകര്‍ന്ന ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമായി പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ധനസമാഹരണ കാമ്പെയ്ന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. മേയ് ഏഴിന് നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര താവളങ്ങളില്‍ പലതും തകര്‍ക്കപ്പെട്ടിരുന്നു. ഇത് പിന്നിട്ട് മാസങ്ങള്‍ക്കു ശേഷമാണ് പരിശീലന ക്യാമ്പുകളുടെയും സുരക്ഷിത കേന്ദ്രങ്ങളുടെയും ശൃംഖല വികസിപ്പിക്കുന്നതിനായി ജെയ്‌ഷെ മുഹമ്മദ് ധനസമാഹരണ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മേയ് ഏഴിന് സിന്ദൂര്‍ ഓപ്പറേഷനിലൂടെ ഇന്ത്യന്‍ സൈന്യം പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ലോഞ്ച് പാഡുകള്‍ തകര്‍ത്തിരുന്നു. ആക്രമണത്തില്‍ നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു. ഏപ്രില്‍ 22-ന് 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്കുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
പാകിസ്താനിലൂടനീളം 313 തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി 391 കോടി പാകിസ്താന്‍ രൂപ സമാഹരിക്കാൻ ലക്ഷ്യംവെച്ചാണ് സംഘടന കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനും കുടുംബത്തിനുമുള്ള സുരക്ഷിത ഒളിത്താവളങ്ങളായും പുതിയതായി ചേരുന്നവര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളായും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസര്‍. ഇയാളും സഹോദരന്‍ തല്‍ഹ അല്‍ സെയ്ഫും ചേര്‍ന്നാണ് കാമ്പെയ്‌നിനും പ്രചാരണത്തിനും നേതൃത്വം നല്‍കുന്നത്.
പരിശോധനകളില്‍നിന്ന് രക്ഷപ്പെടാന്‍ ഈസിപൈസ, സാദാപേ തുടങ്ങിയ ഡിജിറ്റല്‍ വാലറ്റുകളാണ് ധനസമാഹരണത്തിനായി ജെയ്‌ഷെ മുഹമ്മദ് ഉപയോഗിക്കുന്നത്. അസറിന്റെ മകന്‍ അബ്ദുള്ള അസര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊബൈല്‍ നമ്പറുകളുമായാണ് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴി മാത്രമല്ല എല്ലാ വെള്ളിയാഴ്ചകളിലും പള്ളികളില്‍നിന്ന് ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്. ഗാസയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനെന്ന് പറഞ്ഞാണ് ഈ സംഭാവനകള്‍ സ്വീകരിക്കുന്നതെന്നാണ് സംഘടന അവകാശപ്പെടുന്നത്. എന്നാല്‍, ഈ പണം ജെയ്ഷെ മുഹമ്മദിന്റെ സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണെന്നാണ് റിപ്പോര്‍ട്ട്.
ബഹവല്‍പുര്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദുമായി ദീര്‍ഘകാലമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ചാരിറ്റി സംഘടനയായ അല്‍ റഹ്‌മത്ത് ട്രസ്റ്റും ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് വഴി പണം സ്വരൂപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അസറും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികളും നടത്തുന്ന ഈ ട്രസ്റ്റാണ് ജെയ്ഷെ മുഹമ്മദിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന സ്രോതസ്സ്.
പാകിസ്താനില്‍നിന്നും വിദേശത്തുനിന്നും കോടിക്കണക്കിന് രൂപയുടെ സംഭാവനകളാണ് സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. മെഷീന്‍ ഗണ്‍, റോക്കറ്റ് ലോഞ്ചറുകള്‍, മോര്‍ട്ടാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന ആയുധങ്ങള്‍ വാങ്ങാനും ഈ ഫണ്ടുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Content Highlights: JeM launches fundraising campaign to rebuild terror camps destroyed in India`s Op Sindhur
Published: 20 Aug 2025, 09:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented