ടെൽ അവീവ്: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിനുപിന്നാലെ ഇറാന്റെ വാതകപ്പാടങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേൽ അറിയിച്ചു.

To advertise here,

വാതകപ്പാട ആക്രമണം ഇസ്രയേലിന്റെ മാത്രം തീരുമാനമായിരുന്നെന്നും ഭാവിയിൽ ഗ്യാസ് ഫീൽഡുകൾ ലക്ഷ്യമിടരുതെന്ന് ട്രംപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇത്തരം ആക്രമണങ്ങൾ ഇസ്രയേൽ നിർത്തിവെക്കുകയാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ലോകത്തെ ഏറ്റവുംവലിയ വാതകപ്പാടമായ ഇറാനിലെ സൗത്ത് പാർസിൽ ബുധനാഴ്ചയാണ് ഇസ്രയേൽ ബോംബിട്ടത്.

20 ദിവസത്തെ ഇസ്രയേൽ-യു.എസ്. സംയുക്ത ആക്രമണത്തിലൂടെ ഇറാന്റെ സൈനികശേഷി ഏതാണ്ട് പൂർണമായും തകർത്തെന്ന് നെതന്യാഹു അവകാശപ്പെട്ടു. ജനങ്ങൾ ചിന്തിക്കുന്നതിനെക്കാൾ വേഗത്തിൽ യുദ്ധം അവസാനിപ്പിക്കാനാകുമെന്നും പറഞ്ഞു. സൗത്ത് പാർസ് ആക്രമണത്തിനുള്ള മറുപടിയായി ഗൾഫ് രാജ്യങ്ങളുടെ ഊർജനിലയങ്ങൾക്കുനേരേ ഇറാൻ വ്യാപക ആക്രമണം നടത്തിയതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നിരുന്നു. ഈ സാഹചര്യത്തിൽ നെതന്യാഹുവിനെ നിയന്ത്രിക്കാൻ ഗൾഫ് സഖ്യകക്ഷികളും ട്രംപിനോട് ആവശ്യപ്പെട്ടു.

ഇറാന്റെ ആഭ്യന്തര ആവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്റെ 80 ശതമാനവും നൽകുന്ന സൗത്ത് പാർസ് ഇറാനും ഖത്തറും പങ്കിട്ടുനടത്തുന്ന വാതകപ്പാടമാണ്.