വാഷിങ്ടൺ: യുഎസ് സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കാത്തതിനെതിരേ രൂക്ഷവിമർശനവുമായി ട്രംപ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയിട്ടും പലിശ നിരക്ക് വർധിപ്പിച്ച് സെൻട്രൽ ബാങ്ക് രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ആരോപിച്ച ട്രംപ്, ഇന്ത്യയെ ഒരു മാതൃകയായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

To advertise here,

പലിശ നിരക്ക് വർധിപ്പിച്ചത് രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറയാൻ ഇടയാക്കിയെന്ന് ട്രംപ് പറഞ്ഞു. രാഷ്ട്രീയലക്ഷ്യങ്ങളാണ് ഇത്തരം നടപടിക്ക് പിന്നിലെന്നും യുഎസ് ഫെഡറൽ റിസർവ് ഒരു രാഷ്ട്രീയ സ്ഥാപനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് കുറയ്ക്കുകയാണെങ്കിൽ അമേരിക്കയ്ക്ക് 15 മുതൽ 20 ശതമാനം വരെ ജിഡിപി വളർച്ച നേടാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച സാമ്പത്തിക കണക്കുകൾ പുറത്തുവരുമ്പോൾ പലിശനിരക്ക് കുറയ്ക്കാനുള്ള മികച്ച ക്രെഡിറ്റ് രാജ്യത്തിന് ലഭിക്കുകയാണെന്നും എന്നാൽ സെൻട്രൽ ബാങ്ക് ചെയ്യുന്നത് ഇതിന് നേരെ വിപരീതമാണെന്നും ട്രംപ് ആരോപിച്ചു.

‘ഫെഡറൽ റിസർവിന് രാഷ്ട്രീയതാൽപര്യങ്ങൾ ഉള്ളതുകൊണ്ടാണ് പലിശനിരക്ക് വളരെയധികം ഉയർന്നുനിൽക്കുന്നത്. സാമ്പത്തിക വളർച്ചയുടെ മികച്ച കണക്കുകൾ പുറത്തുവിടുമ്പോഴെല്ലാം അവർ പലിശനിരക്ക് ഉയർത്തുന്നു. ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ് അവരത് ചെയ്യുന്നത്. എന്നാൽ, അങ്ങനെയല്ല ചെയ്യേണ്ടത്. രാജ്യം തകർക്കാനാണ് അവരങ്ങനെ ചെയ്യുന്നത്.’, ട്രംപ് പറഞ്ഞു.

‘നമുക്ക് മികച്ച ക്രെഡിറ്റ് ഉള്ളതിനാൽ പലിശ നിരക്ക് കുറയ്ക്കുകയാണ് വേണ്ടത്. അങ്ങനെചെയ്താൽ നാലുശതമാനത്തിന് പകരം, 15 അല്ലെങ്കിൽ 20 ശതമാനം ജിഡിപി വളർച്ച നമുക്കുണ്ടാകും. രാജ്യത്തിന്റെ കടങ്ങൾ വളരെവേഗത്തിൽ വീട്ടാനും സാധിക്കും. കാര്യങ്ങൾ അങ്ങനെയാണ് നടക്കേണ്ടത്, എന്നാൽ നമ്മൾ തിരിച്ചാണ് ചെയ്യുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇന്ത്യയിൽ കുറഞ്ഞ പലിശ നിരക്കാണുള്ളതെന്നും യഥാർഥത്തിൽ, ലോകത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് ഉണ്ടാകേണ്ടത് അമേരിക്കയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ ഇന്ത്യയെ നോക്കൂ, അവിടെ പലിശ നിരക്ക് കുറവാണ്, കൂടാതെ അവർക്ക് ഏഴുശതമാനം ജിഡിപി വളർച്ചയുമുണ്ട്. അങ്ങനെയാണെങ്കിൽ നമുക്ക് 14, 15 അല്ലെങ്കിൽ 20 ശതമാനം വരെ ജിഡിപി വളർച്ച ഉണ്ടാകേണ്ടതാണ്’, അദ്ദേഹം പറഞ്ഞു.

‘മറ്റ് രാജ്യങ്ങളെ വിജയിപ്പിക്കുന്ന രാജ്യം നമ്മളാണ്, അവരിൽ ചിലർ സാമ്പത്തിക രംഗത്തെ പ്രമുഖരായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അവർ അങ്ങനെ അല്ല, നമ്മൾ കാരണമാണ് അവർ ആ പദവിയിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് അമേരിക്കയ്ക്കാണ് ഉണ്ടാകേണ്ടത്,’ ട്രംപ് പറഞ്ഞു.

പണപ്പെരുപ്പം ചെറുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് പലിശ നിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ ആവശ്യം തള്ളിയിരുന്നു. മാത്രമല്ല, സെപ്റ്റംബറിൽ പലിശനിരക്ക് വർധിപ്പിക്കുകയും ചെയ്തിരുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ യുഎസ് 3.4 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയിൽ, സെപ്റ്റംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് 25 പോയിന്റ് ഉയർത്തി 5.5 ശതമാനമാക്കിയിരുന്നു. ഇത് ലോകത്തിലെ കുറഞ്ഞ വായ്പാ നിരക്കുകളിൽ ഒന്നാണ്. ഏപ്രിൽ-ജൂൺ പാദത്തിൽ 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഇന്ത്യ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സാമ്പത്തിക ശക്തിയാണെന്നും കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു.