ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവിനുള്ള നീക്കങ്ങൾക്കിടെ ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. വിദേശകാര്യസഹമന്ത്രിയായ ഹുമയൂൺ കബീറിന്റെ വീടിന് മുന്നിൽഅക്രമകാരികൾ തീയിട്ടു. ഗേറ്റിന് സമീപം തുണികൾ കൂട്ടിയിട്ട് തീയിടുകയാണുണ്ടായത്. പെട്രോൾ ബോംബെറിഞ്ഞതായും വിവരമുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മുൻ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ തറവാട് വീട് അജ്ഞാതർ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ചിറ്റഗോങ്ങിലെ പഞ്ച്‌ലൈഷ് മേഖലയിലുള്ള വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് ബുധനാഴ്ച രാത്രി തീപ്പിടിത്തമുണ്ടായത്. പൊലീസ് പട്രോളിങ്ങിനിടെ തീ ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വീടിന്റെ താഴത്തെ നിലയിലെ ഉപയോഗിക്കാത്ത മുറിയിലാണ് തീപിടിത്തമുണ്ടായത്. യൂനുസിന്റെ സഹോദരന്മാരുടെ കുടുംബങ്ങളാണ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിൽ താമസിക്കുന്നത്. സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിനുപിന്നാലെ വീടിന് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്കിന്റെ വിവിധ ശാഖകൾക്കുനേരെയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബർ 10 മുതൽ 19 വരെ ബാങ്കിന്റെ 37 ശാഖകളും ഓഫീസുകളും തീയിടൽ, തീയിടാനുള്ള ശ്രമം തുടങ്ങിയ ആക്രമണങ്ങൾക്ക് ഇരയായതായി ബാങ്ക് അധികൃതർ അറിയിച്ചു.
2024 ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് കഴിയുന്നത്. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നതായി അവർ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് വീണ്ടും രാഷ്ട്രീയ സംഘർഷം ശക്തമായത്.
തിരിച്ചുവരവിന് ആവശ്യമായ പുതിയ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്ന ഹസീനയുടെ ആവശ്യം സർക്കാർ നിരസിച്ചതിനെത്തുടർന്ന് അവരുടെ പാർട്ടിയായ അവാമി ലീഗ് പ്രതിഷേധപരിപാടികൾക്ക് ആഹ്വാനം ചെയ്തിരുന്നു. നവംബർ 19-ന് രാജ്യവ്യാപകമായി പണിമുടക്കിനും പാർട്ടി ആഹ്വാനം ചെയ്തിരുന്നു. ഒരാഴ്ച നീണ്ട പ്രതിഷേധപരിപാടികളുടെ ഭാഗമായിരുന്നു ഇത്.
അതിനിടെ, ഹസീനയുടെ മടങ്ങിവരവിനെ എതിർക്കുന്ന ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും അവാമി ലീഗും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. ഇന്ത്യയിൽനിന്ന് മടങ്ങിയെത്തുന്നതിന് പകരം ഹസീനയെ കൈമാറണമെന്നാണ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നിലപാട്.
ഹസീനയുടെ അനുയായികളുടെ പ്രതിഷേധത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനങ്ങൾ കത്തിക്കൽ, നാടൻ ബോംബ് സ്‌ഫോടനങ്ങൾ, റോഡ് ഉപരോധം, രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ എന്നിവയുണ്ടായി. കുറഞ്ഞത് 28 ജില്ലകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ. ധാക്കയിൽ മുൻ വിദ്യാഭ്യാസമന്ത്രി നൂറുൽ ഇസ്ലാം നഹിദ് ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏഴ് ജില്ലകളിലായി ബംഗ്ലാദേശ് അതിർത്തി സേനയുടെ 97 പ്ലാറ്റൂണുകളെ വിന്യസിച്ചു.
ഹസീനയുടെ അനുയായികൾ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് ആരോപിച്ചു. അക്രമങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
2024 ഓഗസ്റ്റിൽ ഹസീന അധികാരത്തിൽനിന്ന് പുറത്തായതിനെത്തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് അധികാരമേറ്റത്. ഏകദേശം 18 മാസം നീണ്ട ഇടക്കാല ഭരണത്തിനുശേഷം 2026 ഫെബ്രുവരിയിൽ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലെത്തി. ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്കിടെ വീണ്ടും അക്രമം വ്യാപിക്കുന്നത് രാജ്യത്തിന്റെ പുതിയ ഭരണകൂടത്തിന് വെല്ലുവിളിയാകുകയാണ്.
Content Highlights: An ancestral home of former interim leader Muhammad Yunus was targeted in Chittagong amidst escalating political tensions., Tensions escalated following former Prime Minister Sheikh Hasina's announcement to return to Bangladesh from India., Clashes between the Awami League and the ruling Bangladesh Nationalist Party led by Prime Tarique Rahman have sparked violence across 28 districts., The newly elected government under Tarique Rahman faces severe security challenges as BGB platoons are deployed.
Published: 20 Nov 2026, 09:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented