
ടെഹ്‌റാൻ: ലെബനനിലെ വെടിനിർത്തലും മരവിപ്പിക്കപ്പെട്ട തങ്ങളുടെ സാമ്പത്തിക ആസ്തികൾ വിട്ടുനൽകുന്നതും സംബന്ധിച്ച നിബന്ധനകൾ അംഗീകരിക്കാതെ യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ. അമേരിക്കയുമായുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇറാൻ പ്രധാനമായും രണ്ട് ഉപാധികളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ലെബനനിൽ പൂർണമായ വെടിനിർത്തൽ നടപ്പിലാക്കണമെന്നും ഇസ്രയേൽ അവിടെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ ഒരു ആവശ്യം. ഇതോടൊപ്പം യുഎസ് ഉപരോധം കാരണം വിദേശ ബാങ്കുകളിൽ തടഞ്ഞുവെച്ചിരിക്കുന്ന പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ഇറാനിയൻ ആസ്തികൾ ചർച്ചകൾ തുടങ്ങുന്നതിന് മുമ്പായി വിട്ടുകൊടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചർച്ചകൾക്ക് മുന്നോടിയായി മുൻധാരണ പ്രകാരമുള്ള ഈ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതേ നിലപാട് ആവർത്തിച്ചു, ലബനനിലെ ആക്രമണങ്ങൾ തുടരുന്നത് വെടിനിർത്തൽ കരാറിനെ തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, സമാധാന ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടു. ഇറാൻ ആത്മാർഥതയോടെ ചർച്ചകൾക്ക് തയ്യാറാകുകയാണെങ്കിൽ സഹകരിക്കാമെന്നും എന്നാൽ അമേരിക്കയെ പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് ഗുണകരമാകില്ലെന്നും വാൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനുമായുള്ള ആറ് ആഴ്ച നീണ്ട സംഘർഷം അവസാനിപ്പിക്കാൻ ഒരു പരിഹാരം കണ്ടെത്താനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാൻസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Iran refuses US negotiations without a Lebanon ceasefire., Demands release of frozen Iranian assets in foreign banks., US Vice President J.D. Vance leading diplomatic efforts in 2026., Iran warns against continued Israeli aggression in Lebanon.
Published: 10 Apr 2026, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented