
വാഷിങ്ടൺ: ദീർഘനാളായി അനിശ്ചിതത്വം തുടരുന്ന ഇറാൻ-യുഎസ് ചർച്ച ഒടുവിൽ വഴിത്തിരിവിലേക്കെന്ന് സൂചന. 'ഞങ്ങൾ ഒരു ധാരണാപത്രത്തിന്റെ അന്തിമ ഘട്ടത്തിലാണ്' എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഖായ് പറഞ്ഞു. ചർച്ചകൾ നടത്തുന്ന ഇറാൻ പ്രതിനിധി സംഘത്തിന്റെ വക്താവ് കൂടിയാണദ്ദേഹം. ചർച്ച സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ചർച്ചകളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ട്, ഇന്ന് വൈകുന്നേരമോ നാളെയോ അടുത്ത ദിവസങ്ങളിലോ കരാർ സംബന്ധിച്ച് ഒരു തീരുമാനം അറിയിക്കാനാകുമെന്ന് റൂബിയോ പറഞ്ഞു. നാലുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലുള്ള റൂബിയോ മാധ്യമ പ്രവർത്തകരോടാണ് ഇക്കാര്യം പങ്കുവെച്ചത്. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാക് സൈനിക മേധാവി അസിം മുനീർ ടെഹ്റാനിലെത്തി മടങ്ങിയതിന് പിന്നാലെയായിരുന്നു റൂബിയോയുടെ പ്രതികരണം.
'ഞങ്ങൾ ഒരു ധാരണാപത്രത്തിന്റെ അന്തിമ ഘട്ടത്തിലാണ്. പ്രധാന മധ്യസ്ഥനെന്ന നിലയിൽ പാകിസ്താൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള ആശയവിനിമയം തുടരുക എന്നതായിരുന്നു പ്രതിനിധിയുടെ ടെഹ്റാൻ സന്ദർശനത്തിന്റെ ലക്ഷ്യം.' അസിം മുനീറിന്റെ സന്ദർശനം സംബന്ധിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
‘ഇറാന്റെ 14 ഇന നിർദ്ദേശത്തെ അടിസ്ഥാനമാക്കി അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധം അവസാനിപ്പിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അത് ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ചില കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുകയും ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു, അവ ഇപ്പോഴും പരിഗണനയിലാണ്’ എന്നും ഇസ്മയിൽ ബഖായ് കൂട്ടിച്ചേർത്തു.
'ഞങ്ങൾ ഒരു കരാറിന് വളരെ ദൂരെയും അതേസമയം തന്നെ വളരെ അടുത്തുമെത്തിയിരിക്കുന്നു. ഒരു വശത്ത്, അമേരിക്ക പലതവണ പരസ്പര വിരുദ്ധമായ നിലപാടുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സമീപനം മാറില്ലെന്ന് നമുക്ക് പൂർണ്ണമായി ഉറപ്പിക്കാൻ കഴിയില്ല. മറുവശത്ത്, ഇരു കക്ഷികൾ തമ്മിലുള്ള ചർച്ചകളിൽ, കാഴ്ചപ്പാടുകൾ കൂടുതൽ അടുക്കുന്ന പ്രവണതയുണ്ട്. വലിയ പ്രശ്‌നങ്ങളിൽ ധാരണയിലെത്താൻ കഴിയുമെന്ന അർത്ഥത്തിലല്ല ഇക്കാര്യം പറയുന്നത്. മറിച്ച് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരസ്പരം സ്വീകാര്യമായ ഒരു പരിഹാരത്തിലെത്താൻ കഴിയുമെന്ന അർത്ഥത്തിലാണ്.' അദ്ദേഹം പറഞ്ഞു.
‘യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം അടിസ്ഥാന പ്രാധാന്യമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ്. 30 മുതൽ 60 ദിവസത്തിനുള്ളിൽ, തർക്ക വിഷയങ്ങളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയും ഒടുവിൽ ഒരു കരാറിലെത്തുകയും ചെയ്യും. ഈ ധാരണാപത്രം അന്തിമമാക്കുന്ന ഘട്ടത്തിലാണ് ഞങ്ങൾ. ഈ ഘട്ടത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’വെന്നും അദ്ദേഹം പറഞ്ഞു.
ആദ്യപടിയായി അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുക, തടഞ്ഞുവെച്ച ഇറാനിയൻ ആസ്തികളുടെ വിട്ടുകിട്ടുക എന്നതാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നും ഇറാൻ വക്താവ് വ്യക്തമാക്കി. ഇറാന്റെയും ഒമാന്റെയും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അനുസരിച്ചായിരിക്കും ഹോർമുസിലെ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഘട്ട ധാരണയിൽ ആണവ വിഷയം ഉൾപ്പെടുന്നില്ലെന്നാണ് ഇറാൻ അവകാശപ്പെട്ടിരിക്കുന്നത്. ലെബനനിൽ ഇസ്രയേലിന്റെ സൈനിക നടപടി അവസാനിപ്പിക്കുന്നതും ധാരണയിൽ മുൻഗണനയായി ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ നാവിക ഉപരോധം പിൻവലിക്കുന്ന കാര്യത്തിലടക്കം യുഎസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Content Highlights: Iran and US are in the final stages of a memorandum of understanding., Goal is to end ongoing conflict within 30 to 60 days
Published: 23 May 2026, 09:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented