ടെഹ്‌റാൻ: ഇസ്ലാമാബാദിൽ യുഎസുമായുള്ള പുതിയ ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തങ്ങൾ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. യുഎസിന്റെ വാക്കിലും പ്രവൃത്തികളിലും വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെടിനിർത്തൽ ആരംഭിച്ചതു മുതൽ യുഎസിൽ നിന്ന് നല്ല പെരുമാറ്റമല്ല ഉണ്ടായിട്ടുള്ളത്. ഇത് അവരിലുള്ള അവിശ്വാസം വർധിപ്പിച്ചതായും വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയിൽ ബഖേയി പറഞ്ഞു. ആദ്യ വെടിനിർത്തൽ ചർച്ചയിൽ ലെബനൻ അതിന്റെ ഭാഗമാകുമെന്ന് മധ്യസ്ഥരായ പാകിസ്താൻ പറഞ്ഞിട്ടും യുഎസ് ഇത് വകവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ധാരണയിലെത്തിയ ശേഷവും ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവിക നടപടികൾ നേരിട്ടു. ഞായറാഴ്ച രാത്രി ഒരു ഇറാനിയൻ കപ്പലിന് നേരെ യുഎസ് നടത്തിയ ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും അധിനിവേശ നടപടിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ദേശീയ താത്പര്യങ്ങൾ പരിഗണിച്ച് മാത്രമാകും ഇറാൻ തീരുമാനങ്ങളെടുക്കുക. യുഎസ് രണ്ട് തവണ നയതന്ത്രത്തെ ഒറ്റിക്കൊടുക്കുകയും ഇറാന്റെ പരമാധികാരത്തിനും ആസ്തികൾക്കും നേരെ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ അനുഭവങ്ങളൊന്നും ഇറാന് അവഗണിക്കാനാകില്ല. ഇറാനിലെ സംവിധാനങ്ങളും ഏതൊരു പ്രക്രിയയെയും ജാഗ്രതയോടെ നിരീക്ഷിക്കുന്നു, നയതന്ത്ര തലങ്ങളിൽ പോലും, ശത്രുവിന്റെ ഗൂഢാലോചനകളിൽ നിന്ന് രാജ്യം ജാഗ്രത പാലിക്കുന്നുണ്ട്' ഇസ്മയിൽ ബഖേയി കൂട്ടിച്ചേർത്തു.
നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് അവകാശപ്പെടുമ്പോഴും, അമേരിക്കയുടെ ചെയ്തികൾ നയതന്ത്ര പ്രക്രിയയയെ ഗൗരവമായി എടുക്കുന്നെന്ന് സൂചിപ്പിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. അതേസമയം യുഎസ് നയതന്ത്ര പ്രതിനിധികൾ ഇന്ന് ഇസ്ലാമാബാദിൽ എത്തിച്ചേരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. തങ്ങൾ മുന്നോട്ട് വെക്കുന്ന ഡീലിന് ഇറാൻ തയ്യാറായില്ലെങ്കിൽ ഊർജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും യുഎസ് പ്രസിഡന്റ് ഭീഷണിമുഴക്കിയിട്ടുണ്ട്.
Published: 20 Apr 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented