ടെഹ്‌റാൻ: ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിന് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇറാൻ. പശ്ചിമേഷ്യയിൽ യുഎസുമായി സഹകരിക്കുന്ന എല്ലാ എണ്ണക്കമ്പനികളുടെ കേന്ദ്രങ്ങൾക്കുനേരേയും പ്രത്യാക്രമണം നടത്തുമെന്നാണ് ഇറാൻ സായുധസേനയുടെ മുന്നറിയിപ്പ്. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാനകേന്ദ്രമായ ഖാർഗ് ദ്വീപിൽ ബോംബിങ് നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരിക്കുന്നത്.

To advertise here,

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യംചെയ്യുന്നത് ഖാർഗ് ദ്വീപിലാണ്. ഇറാന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലായാണ് ഖാർഗ് ദ്വീപിനെ കണക്കാക്കുന്നത്. ഇവിടെയുള്ള സൈനിക കേന്ദ്രങ്ങൾ പൂർണമായും ബോംബിങ്ങിൽ നശിപ്പിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. അതേസമയം, ദ്വീപിൽ 15-ലധികം സ്‌ഫോടനങ്ങൾ ഉണ്ടായെങ്കിലും എണ്ണയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകളുണ്ടായില്ലെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട്‌ചെയ്തു.

ഖാർഗ് ദ്വീപിൽ നടന്ന യുഎസ് ആക്രമണത്തിൽ ഇറാന്റെ സൈനിക പ്രതിരോധ സംവിധാനങ്ങളടക്കം തകർന്നതായാണ് റിപ്പോർട്ട്. ദ്വീപിലെ സൈനിക പ്രതിരോധ സംവിധാനങ്ങൾ, എയർപോർട്ട് കൺട്രോൾ ടവർ, ഹെലികോപ്റ്റർ ഹാങ്ങർ തുടങ്ങിയവയാണ് തകർന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.