വാഷിങ്ടൺ: ഫ്രാൻസിൽ പടർന്നുപിടിക്കുന്ന അക്രമസംഭവങ്ങൾക്കും അശാന്തിക്കും കാരണം കുടിയേറ്റമാണെന്ന് ആവർത്തിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള ആളുകളെ രാജ്യത്തേക്ക് വരാൻ അനുവദിക്കുന്നത് വലിയ തെറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന.

To advertise here,

ഫ്രാൻസിൽ സംഭവിക്കുന്നത് സർക്കാരിനെതിരെയുള്ള പ്രതിഷേധമല്ലെന്നും കുടിയേറ്റത്തിന്റെ ഫലമാണെന്നും ട്രംപ് പറഞ്ഞു. കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുകയും കുറ്റവാളികളെ പുറത്താക്കുകയും ചെയ്തില്ലെങ്കിൽ യൂറോപ്പ് തകരുമെന്നും പാരിസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറുമെന്നും ട്രംപ് പറഞ്ഞു.

ജീവിതച്ചെലവ് വർധിക്കുന്നതിലും സ്കൂളുകൾക്ക് അനുവദിച്ചിരുന്ന ഫണ്ട് കുറവിലും പ്രതിഷേധിച്ച് വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭമാണ് ഫ്രാൻസിൽ അക്രമങ്ങളിലേക്ക് വഴിമാറിയത്. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ അഞ്ച് ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. മാസ്ക് ധരിച്ച സംഘങ്ങൾ പോലീസുമായി ഏറ്റുമുട്ടുകയും പൊതുകെട്ടിടങ്ങൾ തകർക്കുകയും കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ഇതിനെത്തുടർന്ന് പാരിസിലെ ലൂവ്ര് മ്യൂസിയം തിങ്കളാഴ്ച അടച്ചുപൂട്ടി. 

അക്രമങ്ങൾ വ്യാപിച്ചതിനെ തുടർന്ന് പാരിസ്, ലില്ലെ, ലിയോൺ തുടങ്ങിയ നഗരങ്ങളിൽ ഫ്രഞ്ച് അധികൃതർ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചു. പാരിസിൽ രാത്രി എട്ട് മണി മുതൽ പ്രകടനങ്ങൾ നിരോധിക്കുകയും 11 മണിമുതൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം, ശനിയാഴ്ച അടുത്ത ഘട്ട പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സമരക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.