ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനിടെ യുഎസ് മുന്നോട്ടുവെച്ച താത്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ. താത്കാലിക വെടിനിർത്തലല്ല യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ ആവശ്യം. താത്കാലിക വെടിനിർത്തൽ യുദ്ധം പുനരാരംഭിക്കാനുള്ള സമയം കണ്ടെത്തലാണെന്നാണ് ഇറാന്റെ നിലപാട്. താത്കാലിക വെടിനിർത്തലിനായി ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

To advertise here,

താത്കാലിക വെടിനിർത്തലിനായി യുഎസ് മുന്നോട്ടുവെച്ച നിർദേശം തള്ളിയ ഇറാൻ പകരം ചർച്ചകളിൽ മധ്യസ്ഥരായി പ്രവർത്തിച്ച പാകിസ്താൻ വഴിയാണ് തങ്ങളുടെ ഔദ്യോഗിക മറുപടി സമർപ്പിച്ചത്. വെറുമൊരു താത്കാലിക വെടിനിർത്തലിന് പകരം യുദ്ധത്തിന് ശാശ്വതമായ അന്ത്യം വേണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്. മേഖലയിലെ നിലവിലുള്ള പോരാട്ടങ്ങൾ നിർത്തലാക്കണം, ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പ്രോട്ടോക്കോൾ വേണം, യുദ്ധം മൂലം തകർന്ന മേഖലകളുടെ പുനർനിർമാണത്തിന് സഹായം വേണം, ഇറാനെതിരേ നിലനിൽക്കുന്ന അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കം ചെയ്യണം തുടങ്ങിയ പ്രധാന നിബന്ധനകൾ ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. തങ്ങളുടെ ഉന്നത നേതാക്കൾ തീരുമാനിക്കുന്നത് വരെ അമേരിക്കയുമായും ഇസ്രയേലുമായും യുദ്ധം തുടരുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.