
ടെഹ്റാൻ: ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി ഇറാനിലെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വിദഗ്ധ സമിതി ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. 'നേതാവിനെ നിയമിക്കാനുള്ള വോട്ടെടുപ്പ് നടന്നു. നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നു' സമിതിയിലെ അംഗമായ അഹ്മദ് അലംമൊൽഹോദയെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അസംബ്ലി സെക്രട്ടറിയേറ്റിന്റെ ഉത്തരവാദിത്വമുള്ളയാളായ ആയത്തുള്ള ഹുസൈനി ബുഷഹ്രിയ പേര് പരസ്യമാക്കുമെന്നാണ് വിവരം.
സമിതിയിലെ മറ്റ് അംഗങ്ങളും തീരുമാനം എടുത്തതായി സ്ഥിരീകരിക്കുന്നുണ്ട്. കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖമനേയിയുടെ മകൻ ഈ സ്ഥാനം ഏറ്റെടുക്കുമെന്ന് ഒരാൾ സൂചിപ്പിച്ചു. പരമോന്നത നേതാവ് എന്ന പദവി ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ, മതപരമായ അധികാരമാണ്. എല്ലാ രാഷ്ട്രീയ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നത് പരമോന്നത നേതാവാണ്.
അതേസമയം ഖമനേയിയുടെ പിൻഗാമി ആരാണെങ്കിലും അവരെ വേട്ടയാടുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് ഒരു പങ്കുണ്ടാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയും ഉണ്ട്. ആയത്തുള്ള അലി ഖമനേയിയുടെ മകനായ മൊജ്തബ ഖമനേയി അസ്വീകാര്യനാണെന്നും അദ്ദേഹം ദുർബലനാണെന്നും ട്രംപ് പറയുകയുണ്ടായി.
ഇറാനിയൻ ഭരണഘടന പ്രകാരം, രാജ്യത്തിന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ അധികാരമുള്ളത് 88 അംഗ വിദഗ്ദ്ധ സമിതിക്കാണ്. ഈ സമിതിയിലെ എല്ലാവരെയും വേട്ടയാടുമെന്നും ഇസ്രയേൽ സൈന്യത്തിന്റെ ഭീഷണിയുണ്ട്.
'പിൻഗാമിയെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു, നിങ്ങളെയും ലക്ഷ്യം വയ്ക്കാൻ ഞങ്ങൾ മടിക്കില്ല. ഇതൊരു മുന്നറിയിപ്പാണ്!' ഇസ്രയേൽ സൈന്യം ഞായറാഴ്ച പേർഷ്യൻ ഭാഷയിൽ എക്സിൽ കുറിച്ചു.
അതേസമയം പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ സമിതി അംഗങ്ങൾ തമ്മിൽ ചെറിയ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Content Highlights: Assembly of Experts has reportedly finalized the selection of the next Supreme Leader., Mojtaba Khamenei is speculated to be the successor
Published: 08 Mar 2026, 06:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented