അബുദാബി: ഇറാന്റേത് വഞ്ചനാപരമായ ആക്രമണമെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ. സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യംവെച്ചുള്ള ഇറാന്റെ ആക്രമണത്തിൽ അപലപിക്കുന്നു. കൃത്യമായ മറുപടി നൽകണമെന്ന് ജി.സി.സി കൗൺസിൽ യോഗം നിർദ്ദേശിച്ചു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ മരണം എട്ടായി. ഒട്ടേറെ പേർക്ക് പരിക്കേറ്റു. ബഹ്‌റൈനിൽ തിങ്കളാഴ്ച പുലർച്ചെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു. ഏഷ്യൻ സ്വദേശിയാണ് മരിച്ചത്. പ്രദേശത്തെ സൽമൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശ കപ്പലിന് തീപ്പിടിച്ചു. അഗ്നിബാധയിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഒമാനിലെ മസ്‌കറ്റിൽ കപ്പലിന് നേരെ ആക്രമണമുണ്ടായി. സുൽത്താൻ ഖാബൂസ് തുറമുഖത്താണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. സംഭവത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. 21 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ളവർക്ക് നേരിയ പരിക്കേറ്റു.
കുവൈത്ത് മഹ്ബൂലയിൽ തിങ്കളാഴ്ച രാവിലെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. പുലർച്ചെ മൂന്നു മണി മുതൽ സൈറൺ കേൾക്കുന്നുണ്ടെന്ന് പ്രവാസികൾ പറഞ്ഞു. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. കുവൈത്തിൽ നിരവധിയിടങ്ങളിൽ ഡ്രോൺ ആക്രമണശ്രമം നടന്നതായാണ് വിവരം. മെഹ്ബൂല, അമ്മദി, മങ്കഫ് എന്നിവിടങ്ങളിൽ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.
കുവൈത്തിലെ അമേരിക്കൻ എംബസിയ്ക്ക് സമീപം അമേരിക്കയുടെ ഒന്നിലധികം യുദ്ധ വിമാനങ്ങൾ തകർന്ന് വീണെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രദേശത്തുനിന്നും കനത്ത പുക ഉയർന്നിരുന്നു. യുദ്ധവിമാനത്തിലെ സൈനികരെല്ലാം സുരക്ഷിതരെന്നും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ യുഎസ് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ അരാംകോ റാസ് തനുര റിഫൈനറിയിൽ ഡ്രോൺ ആക്രമണമുണ്ടായി. റിഫൈനറി അടച്ചിരിക്കുകയാണ്.
യു.എ.ഇയിൽ നിലവിൽ സ്ഥിതി സുരക്ഷിതമാണ്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. യു.എ.ഇയിലും ജി.സി.സി രാജ്യങ്ങളിലും ഉണ്ടായ ഇറാൻ ആക്രമണങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു. യു.എ.ഇയിൽ മിസൈൽ അവശിഷ്ടങ്ങൾ ദേഹത്തുവീണ് ശനി, ഞായർ ദിവസങ്ങളിലായി മൂന്ന് പേർ മരിച്ചിരുന്നു. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് മരിച്ചത്. കുവൈത്തിലും ഞായറാഴ്ച ഒരാൾ മരിച്ചിരുന്നു.
അതിനിടെ, വിമാനത്താവളങ്ങളിൽ കുടുങ്ങികിടന്നവരെ നാട്ടിലെത്തിക്കാൻ അബുദാബിയിൽനിന്ന് പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു. അബുദാബിയിൽനിന്ന് മുംബൈ, കറാച്ചി, ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം, ദമാം, മോസ്‌കോ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദിന്റെ പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടത്.
Content Highlights: GCC nations condemn Iran's attacks as 'treacherous', targeting civilians., Multiple casualties reported
Published: 02 Mar 2026, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented