
ടെഹ്‌റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഞായറാഴ്ചയും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 1200-ലധികം മിസൈലുകൾ ഇസ്രായേൽ വ്യോമസേന വർഷിച്ചതായാണ് കണക്ക്. ടെഹ്‌റാൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു.
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഞായറാഴ്ച അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനും ടെഹ്‌റാനിലേക്കുള്ള പാത സുഗമമാക്കുന്നതിനുമായി വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തിയതായി ഐഡിഎഫ് വെളിപ്പെടുത്തി.
ഇസ്രായേലിലെ സൈനിക ആസ്ഥാനവും അമേരിക്കൻ സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേൽ വാർത്താ ഏജൻസിയായ ഹരീറ്റ്സ് റിപ്പോർട്ട് ചെയ്തു.
യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്കുനേരെ ഇറാൻ ശക്തമായ ആക്രമണങ്ങളാണ് നടത്തിയത്. ശനിയാഴ്ച ഇറാന്റെ 137 മിസൈലുകളും 209 ഡ്രോണുകളും യുഎഇക്ക് നേരെ പ്രയോഗിച്ചതായി യുഎഇയുടെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
സംഘർഷം സമുദ്രമേഖലയിലേക്കും വ്യാപിച്ചതോടെ ഒമാൻ തീരത്ത് ശക്തമായ വ്യോമാക്രമണം ഉണ്ടായി. ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകൾ വീണത്. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഖസബ് തുറമുഖത്തെ എം/ടി സ്കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കറിനു നേരെ ഉണ്ടായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരടക്കം 20 പേരേയും ഒഴിപ്പിച്ചു.
അയൽ രാജ്യങ്ങൾക്കെതിരേ ഇറാൻ നടത്തുന്ന ആക്രമണത്തിനെതിരേ രൂക്ഷ വിമർശനവുമായി യുഎഇ രംഗത്തെത്തി. യുദ്ധം അയൽക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. 'ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ നിങ്ങളെ ഒറ്റപ്പെടുത്തും. നിങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്. വിവേകത്തോടെ സാഹചര്യം കൈകാര്യംചെയ്യൂ. അയൽക്കാരുമായല്ല നിങ്ങളുടെ യുദ്ധം. അയൽക്കാരോട് ഉത്തരവാദിത്വത്തോടെ പെരുമാറണം', അൻവർ ഗർഗാഷ് പറഞ്ഞു.
യുദ്ധം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റ് മേഖലയിലെ വ്യോമഗതാഗതം താറുമാറായിരിക്കുകയാണ്. ഖത്തർ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഖത്തർ എയർവേയ്‌സ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യുഎഇയിലേക്കും തിരിച്ചുമുള്ള എയർ അറേബ്യ വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. എയർ ഇന്ത്യ ഞായറാഴ്ച 22 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി. മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം 444-ൽ അധികം അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Israel reportedly launched a massive missile attack on Tehran following the death of Ayatollah Khamenei., The conflict has escalated with both nations exchanging significant fire, impacting military and civilian areas., International air travel across the Middle East is severely disrupted, with major airlines cancelling flights., Tensions have spread to maritime routes with an attack on a fuel tanker off the coast of Oman.
Published: 01 Mar 2026, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented