
കയ്റോ: യു.എസുമായുള്ള സമാധാനക്കരാറിന്റെ ഭാഗമായി സമ്പുഷ്ട യുറേനിയം കൈവിടാൻ ഇറാൻ സന്നദ്ധതയറിയിച്ചെന്ന് റിപ്പോർട്ട്. കരാറിന്റേതായി പുറത്തുവന്ന ഉള്ളടക്കത്തിലാണ് ഇക്കാര്യമുള്ളത്. സമ്പുഷ്ട യുറേനിയം ഇറാനുപുറത്തേക്ക് മാറ്റണമെന്നതായിരുന്നു യു.എസിന്റെ ഒരു പ്രധാന ആവശ്യം. ആണവപദ്ധതി ഇറാൻ ഉപേക്ഷിക്കണമെന്നും വാശിപിടിച്ചു. ഇതിനുരണ്ടിനും തയ്യാറല്ലെന്ന് വ്യക്തമാക്കിയതിനാലാണ് ഏപ്രിലിലെ വെടിനിർത്തലിനുതൊട്ടുപിന്നാലെ പാകിസ്താനിൽനടന്ന സമാധാനചർച്ച പരാജയപ്പെട്ടതെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞിരുന്നു.
അതേസമയം, ആണവായുധം കൈവരിക്കാൻ ഒരിക്കലും ശ്രമിക്കില്ല എന്നതാണ് തങ്ങളുടെ നിലപാടെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാൽ, 60 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐ.എ.ഇ.എ.) കണ്ടെത്തൽ. 2025 ജൂണിൽ ഇസ്രയേലും യു.എസും ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനുമുൻപുള്ള അളവാണിത്.
ആക്രമണത്തിനുമുൻപ് സമ്പുഷ്ട യുറേനിയം ഇറാൻ സുരക്ഷിതകേന്ദ്രത്തിലേക്കുമാറ്റിയെന്നു റിപ്പോർട്ടുണ്ടായിരുന്നു. അത് എവിടെയെന്ന് കണ്ടെത്താൻ യു.എസിനോ ഇസ്രയേലിനോ കഴിഞ്ഞിട്ടില്ല.
സമ്പുഷ്ട യുറേനിയം ഉപേക്ഷിക്കാമെന്ന വാഗ്ദാനം ഇറാൻ എങ്ങനെ നടപ്പാക്കും എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇതിന്റെ ഒരുഭാഗം മറ്റു രാസവസ്തുക്കൾചേർത്ത് നേർപ്പിക്കാനാണ് സാധ്യതയെന്ന് ഇറാൻ-യു.എസ്. ചർച്ചകളുടെ വിശദാംശങ്ങളെക്കുറിച്ച് അറിവുള്ള കേന്ദ്രങ്ങൾ വാർത്താ ഏജൻസിയായ എ.പി.യോടു പറഞ്ഞു. ബാക്കി വിദേശരാജ്യത്തിന് കൈമാറും. ഇറാനുമായി സൗഹൃദമുള്ള റഷ്യയിലേക്കായിരിക്കും ഇത് മാറ്റുകയെന്നാണ് വിവരം. ഇറാന്റെ സമ്പുഷ്ടയുറേനിയം ഏറ്റെടുത്തു സൂക്ഷിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ വാഗ്ദാനംചെയ്തിരുന്നു.
അതിനിടെ, സമാധാനക്കരാർ നിലവിൽവന്നാൽ ഉടൻ ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കാൻ ബ്രിട്ടീഷ് നാവികസേന സജ്ജമായി. കരാർ പ്രാബല്യത്തിലായാൽ നൂറുകണക്കിന് നാവികരുമായി ജിബ്രാൾട്ടർ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ആർ.എഫ്.എ. ലൈം ബേ, എച്ച്.എം.എസ്. ഡ്രാഗൺ എന്നിവയും മറ്റുകപ്പലുകളും ഫ്രാൻസിന്‍റെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ ഹോർമുസിലേക്ക് തിരിക്കുമെന്ന് നാവികസേന പറഞ്ഞു.
Content Highlights: Iran agrees to relinquish enriched uranium as part of a US peace deal., Enriched uranium likely to be transferred to Russia for storage., IAEA reports 440.9kg of 60% enriched uranium previously held by Iran., British and French naval forces prepared to clear mines in the Strait of Hormuz., Agreement aims to resolve long-standing nuclear tensions and regional security concerns.
Published: 25 May 2026, 06:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented