ടെഹ്റാൻ: പലാവു പതാകയേന്തിയ എംടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെ ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാൻ. ഇതൊരു സായുധ കവർച്ചയും ഭരണകൂടം നടത്തുന്ന കടൽക്കൊള്ളയുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വിമർശിച്ചു. കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ കുടുംബങ്ങളോടും ഇന്ത്യൻ സർക്കാരിനോടും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. യുഎസിന്റെ ഇത്തരം നിയമവിരുദ്ധമായ നടപടികൾ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും ഇതിന് അമേരിക്ക മറുപടി പറയണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂഡൽഹിയിലെ യുഎസ് ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്‌സിനെ വിളിച്ചുവരുത്തി ഇന്ത്യ ഔദ്യോഗികമായി തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. മേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷങ്ങൾ ഉടൻ ലഘൂകരിക്കണമെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടത്തണമെന്നും ഇന്ത്യ ആവർത്തിച്ചു.
എന്നാൽ, കപ്പലിന് നേരെ തങ്ങൾ നടത്തിയത് ഒരു പ്രിസിഷൻ സ്ട്രൈക്ക് ആണെന്നാണ് അമേരിക്കൻ സൈന്യം അവകാശപ്പെടുന്നത്. ഈ ടാങ്കർ ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നും സൈനിക നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് അമേരിക്കയുടെ ആരോപണം. സമുദ്ര സുരക്ഷ മുൻനിർത്തിയാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെട്ടു.
ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനും ( ഐഎംഒ) ഈ ആക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. സിവിലിയൻ കപ്പൽ ഗതാഗതത്തെയും നാവികരെയും അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഐഎംഒ സെക്രട്ടറി ജനറൽ ആഴ്സീനിയോ ഡൊമിംഗസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോർമൂസ് കടലിടുക്കിന് സമീപം വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. 24 ഇന്ത്യൻ ജീവനക്കാരായിരുന്നു ഈ കപ്പലിൽ ഉണ്ടായിരുന്നത്. മൂന്ന് നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാണെന്നും നാവിക സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്നും വിമർശനം ശക്തമാണ്.
Content Highlights: Iran condemns the US strike on MT Settebello near the Strait of Hormuz, resulting in 3 Indian deaths.
Published: 12 Jun 2026, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented