കറാച്ചി: പാകിസ്താനിലെ പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ എന്നീ പ്രവിശ്യകളെ വിഭജിച്ച് 12 മുതൽ 15 വരെ പുതിയ പ്രവിശ്യകളോ 160 ചെറിയ ഭരണപ്രദേശങ്ങളോ ആക്കിമാറ്റാൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിൽ സൈനികനീക്കം. രാജ്യത്തിന്റെ ഭരണാധികാര ഘടനയെത്തന്നെ പൊളിച്ചെഴുതാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. നിലവിലുള്ള നാല് പ്രവിശ്യകളെ ഭിന്നിപ്പിക്കുന്നതുവഴി പ്രാദേശിക രാഷ്ട്രീയ ശക്തികേന്ദ്രങ്ങളെ ദുർബലപ്പെടുത്താനും സൈന്യത്തിന് മേൽക്കോയ്മ നേടാനും സാധിക്കും.

To advertise here,

ജനസംഖ്യയിലും വിസ്തൃതിയിലും നിലവിലെ നാല് പ്രവിശ്യകളുംതമ്മിൽ വലിയ അന്തരമുണ്ടെന്നത് വിഭജനത്തിന് ന്യായമായ കാരണമായി ഉയർത്തുന്നു. പാകിസ്താനിലെ പകുതിയിലധികംവരുന്ന 12.8 കോടി ജനങ്ങളും അധിവസിക്കുന്നത് പഞ്ചാബിലാണ്. ഇവിടെ ഗ്രാമീണർക്ക് പ്രാഥമിക സർക്കാർ സേവനങ്ങൾപോലും ലഭിക്കാൻ മണിക്കൂറുകൾ സഞ്ചരിക്കേണ്ടിവരുന്നു. പഞ്ചാബിലെ നാലിലൊന്നുപേർക്കും ശുദ്ധമായ കുടിവെള്ളവും ലഭ്യമല്ല. ഭൂവിസ്തൃതിയിൽ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്താനിൽ ഒന്നരക്കോടി ആളുകൾമാത്രമാണുള്ളത്.

വലിയ പ്രവിശ്യകളിൽ ശരിയായ ഭരണം സാധ്യമാവാത്തതാണ് രാജ്യത്തിന്റെ പ്രതിസന്ധികൾക്ക് കാരണമെന്ന്് അസിം മുനീർ വാദിക്കുന്നു. പഞ്ചാബിൽ പി.എം.എൽ.എൻ. പാർട്ടിക്കും സിന്ധിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്കുമാണ് സ്വാധീനം. സൈനിക ഭരണകാലത്തുപോലും കേന്ദ്രത്തിന് ബദലായി നിൽക്കാൻ ഈ വലിയ പ്രവിശ്യകൾക്ക് കഴിഞ്ഞിരുന്നു. ഇവിയെ വിഭജിക്കുന്നതിലൂടെ ആ രാഷ്ട്രീയശക്തി ദുർബലപ്പെടുത്താനും കേന്ദ്രത്തിന് എളുപ്പത്തിൽ ഇവരെ നിയന്ത്രിക്കാനും കഴിയും.

അതേസമയം പ്രവിശ്യാ വിഭജന ചർച്ചകൾ പുരോഗമിക്കുമ്പോഴും പാകിസ്താനിൽ അസ്ഥിരതയും ആഭ്യന്തരകലാപങ്ങളും രൂക്ഷമാവുകയാണ്. ജയിലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ. ഭരിക്കുന്ന ഖൈബർ പഖ്തൂൺക്വയിൽനിന്ന് ആയിരക്കണക്കിന് പേരാണ് ഇസ്‌ലാമാബാദിലേക്ക് മാർച്ച് നടത്തുന്നത്. ബലൂചിസ്താനിലെ വിഘടനവാദ പ്രക്ഷോഭങ്ങളും പാക് അധീന കശ്മീരിലെ നികുതിക്കും വിലക്കയറ്റത്തിനുമെതിരായ സിവിലിയൻ പ്രക്ഷോഭങ്ങളും രാജ്യത്തിന് കനത്ത വെല്ലുവിളിയുയർത്തുന്നു.