ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ പ്രക്ഷുബ്ധമായി ഇറാൻ ആകാശപാത. ഇറാനിയൻ ആകാശപാതയിൽനിന്ന് വിമാനങ്ങൾ സുരക്ഷിതയിടങ്ങളിലേക്ക് ഇറക്കാൻ തിരക്ക് കൂട്ടുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫ്ലൈറ്റ് ട്രാക്ക് സർവീസിൽ നിന്നുള്ള തത്സമയ ദൃശ്യവത്കരണമാണ് 'ഫ്ലൈറ്റ്റ റഡാർ 24' വെബ്സൈറ്റ് എക്സിൽ പങ്കുവെച്ചത്.
ഒമ്പത് സെക്കൻഡ് നീളുന്ന ടൈം ലാപ്സ് വീഡിയോ ദൃശ്യത്തിൽ നൂറുകണക്കിന് വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതും സഞ്ചാരപാതയിൽനിന്ന് ദിശമാറിപ്പോകുന്നതും കാണാം. ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ആഗോള ആകാശപാതയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോയെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
ആക്രമണത്തിന് പിന്നാലെ മിനിറ്റുകൾക്കുള്ളിൽതന്നെ ഇറാന്റെ ആകാശപാത ഏതാണ്ട് ശൂന്യമാകുന്നത് 'ഫ്ലൈറ്റ്റ റഡാർ 24'-ന്‍റെ ദൃശ്യത്തിൽ കാണാം. സംഘർഷ ഭീഷണി ഒഴിവാക്കാൻ വാണിജ്യവിമാനങ്ങൾ പെട്ടെന്നുതന്നെ വഴിതിരിച്ചു വിടുന്നതും സഞ്ചാരത്തിനായി ബദൽ മാർഗങ്ങൾ തേടുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വ്യോമയാന മേഖലയിൽ വിമാനങ്ങളുടെ വൻതോതിലുള്ള റൂട്ട് മാറ്റം വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മിഡിൽ ഈസ്റ്റിനും ഏഷ്യയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് യാത്രാദൈർഘ്യം വർധിക്കുമെന്നും ഉയർന്ന ഇന്ധനച്ചെലവിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ മഖ്തൂം അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പല വിമാനങ്ങളും റദ്ദാക്കിയതായും ചിലത് വൈകുന്നതായും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുമ്പേ യാത്രക്കാർ വിമാനവിവരങ്ങൾ നോക്കി ഉറപ്പുവരുത്തണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. അബൂദാബി വിമാനത്താവളവും സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ തുടങ്ങിയിടങ്ങളിലേക്കും അവിടെനിന്ന് തിരിച്ചുള്ള വിമാനങ്ങളും താത്കാലികമായി റദ്ദാക്കിയതായി എമിറേറ്റ്സ് അറിയിച്ചു. ഇറാനിലേക്കും ഇറാഖിലേക്കുമുള്ള ഖത്തർ എയർവേയ്സ് സർവീസും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. പ്രാദേശിക വ്യോമാതിർത്തി അടച്ചതിനാൽ മറ്റ് ഗൾഫ് വിമാനക്കമ്പനികളും ഇതേപാത പിന്തുടരുന്നതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഇറാനുനേരെ വെള്ളിയാഴ്ച തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ അറിയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. 100 കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ ബോംബുകളും മിസൈലുകളുമടക്കം 330 ആയുധങ്ങൾ തങ്ങൾ പ്രയോഗിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ക്കൊടുവിലാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനില്‍ നിലവില്‍ 15 ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധസേന പറയുന്നു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും ആണവ പദ്ധതികളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് നെതന്യാഹുവും വ്യക്തമാക്കി.
ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ ഉന്നത സൈനികരും നിരവധി ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. സ്വയം പ്രതിരോധിക്കുന്നതിന് ഇസ്രയേലിന് ഇറാനെ ആക്രമിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. ആണവായുധം നിര്‍മിക്കാന്‍ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
പുലര്‍ച്ചെ മൂന്ന് മണിയോടെ ആരംഭിച്ച ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. മൂന്ന് മണിക്ക് തൊട്ടുമുമ്പായി ഇറാഖിനു മുകളിലായി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചയാണ് റിപ്പോര്‍ട്ടുകള്‍. ഈ ഘട്ടത്തില്‍ ഇസ്രയേലിലുടനീളം സൈറണുകള്‍ മുഴങ്ങിയിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Israel-Iran Conflict Disrupts Global Airspace
Published: 13 Jun 2025, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented