ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യങ്ങൾക്കിടയിൽ മേഖലയിലെ വ്യോമപാതകൾ ഭാഗികമായി തുറന്നതിനെത്തുടർന്ന് 52,000-ലധികം ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.

To advertise here,

മാർച്ച് ഒന്നുമുതൽ ഏഴ് വരെയുള്ള കാലയളവിൽ വാണിജ്യ വിമാനങ്ങളിലും പ്രത്യേക സർവീസുകളിലുമായി എത്തിയവരിൽ 32107 പേർ ഇന്ത്യൻ വിമാന സർവീസുകളിലാണ് യാത്രചെയ്തത്. ഹ്രസ്വകാല സന്ദർശനത്തിനായി എത്തിയവരും ട്രാൻസിറ്റ് യാത്രക്കാരുമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയവരിലേറെയും. വരുംദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ പദ്ധതിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സാഹചര്യങ്ങൾ കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി.

വിദേശത്തുള്ള ഇന്ത്യൻ പൗരരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ വിവിധ രാജ്യങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. മേഖലയിലുള്ള എല്ലാ ഇന്ത്യൻ പൗരരും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങളും ഇന്ത്യൻ എംബസികളോ കോൺസുലേറ്റുകളോ പുറപ്പെടുവിക്കുന്ന യാത്രാ മുന്നറിയിപ്പുകളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇന്ത്യൻ പൗരരെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ വാണിജ്യ വിമാന സർവീസുകൾ ലഭ്യമല്ലാത്ത രാജ്യങ്ങളിലുള്ളവർ, തൊട്ടടുത്തുള്ള വിമാന സൗകര്യങ്ങളെക്കുറിച്ച് അറിയാൻ ബന്ധപ്പെട്ട എംബസിയുമായോ കോൺസുലേറ്റുമായോ അടിയന്തരമായി ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.