ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താൻ നടത്തിയ അനാവശ്യ പരാമർശങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യ. ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാകിസ്താൻ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി യുഎൻ വേദികൾ ദുരുപയോഗം ചെയ്യുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ പ്ലീനറി യോഗത്തിലായിരുന്നു ഹരീഷിന്റെ വിമർശനം.

To advertise here,

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും അത് അങ്ങനെതന്നെ ആയിരിക്കുമെന്നും രഹീഷ് വ്യക്തമാക്കി. പാകിസ്താന്റെ പൊള്ളയായ അവകാശവാദങ്ങൾക്കും മറ്റും നിലവിലുള്ള യാഥാർഥ്യത്തെ മാറ്റാൻ കഴിയില്ലെന്നും ഹരീഷ് വ്യക്തമാക്കി.

പാകിസ്താന്റെ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ഹരീഷ്, സുരക്ഷാ കൗൺസിലിൽ അംഗമായിരിക്കുന്നവർ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഓർമിപ്പിച്ചു. നിലവിലെ ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അടിയന്തര പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും ഇന്ത്യ യോഗത്തിൽ ആവശ്യപ്പെട്ടു.

യുഎൻ സുരക്ഷാ കൗൺസിലിന്റെ വാർഷിക റിപ്പോർട്ടിനെക്കുറിച്ചുള്ള പൊതുസഭയുടെ ചർച്ചയ്ക്കിടെ യുഎന്നിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിക്കർ അഹമ്മദ് കശ്മീർ പ്രശ്‌നം ഉന്നയിക്കുകയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കനുസൃതമായി തർക്കം പരിഹരിക്കണമെന്ന പാക് നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.