ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ദേദഗതി ബില്ലിനെക്കുറിച്ച് (എഫ്.സി.ആർ.എ.) യു.എസ്. കോൺഗ്രസ് അംഗം റൈലി മൂർ ഉന്നയിച്ച വിമർശനങ്ങൾക്കെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഇന്ത്യ. നിയമനിർമ്മാണ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും വിദേശത്തുനിന്നുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ സമാന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

To advertise here,

'എഫ്.സി.ആർ.എ. സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ കണ്ടു. ഇന്ത്യയെ സംബന്ധിച്ച് നിയമനിർമ്മാണ കാര്യങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളാണ്. അതിൽ തീരുമാനം എടുക്കുന്നത് പാർലമെന്റ് ആണ്. അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വിദേശ ഫണ്ടുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നുണ്ട്.'- ജയ്സ്വാൾ പറഞ്ഞു.

കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച എഫ്.സി.ആർ.എ. ഭേദഗതി ബിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേയുള്ള നീക്കമാണെന്നും ഇത് ഇന്ത്യ- യു.എസ്. ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നുമായിരുന്നു യു.എസ്. കോൺഗ്രസ് അംഗം റൈലി മൂർ പറഞ്ഞത്. എൻ.ജി.ഒ.കളുടേയോ സഭാ സ്ഥാപനങ്ങളുടേയോ എഫ്.സി.ആർ.എ. രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സർക്കാരിന് അവരുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ ബില്ല് വഴി സാധിക്കുമെന്നും ഇത് ക്രിസ്ത്യൻ സംഘടനകളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശങ്ങളോടായിരുന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.