ന്യൂഡൽഹി: കശ്മീരിനേയും മണിപ്പുരിനേയും കുറിച്ച് യു.എൻ. മനുഷ്യാവകാശസമിതി മേധാവി വോൾക്കർ ടർക്ക് നടത്തിയ പരാമർശങ്ങളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഊർജ്ജസ്വലവും ബഹുസ്വരവുമായ സമൂഹമായി തുടരുകയാണെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി അരിന്ദം ബാഗ്ചി പറഞ്ഞു. യു.എൻ. മനുഷ്യാവകാശസമിതിയുടെ 58-ാമത് റെ​ഗുലർ സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

നേരത്തെ, മണിപ്പുരിലേയും കശ്മീരിലേയും സ്ഥിതി​ഗതികളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ടർക്ക് രം​ഗത്തെത്തിയിരുന്നു. മണിപ്പുരിലെ ആക്രമണങ്ങൾക്ക് വേ​ഗത്തിൽ പരിഹാരം കാണാൻ അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശത്തെ അടിസ്ഥാനമാക്കിയാകണം പരിഹാരമെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു. കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകരും സ്വതന്ത്ര മാധ്യമപ്രവർത്തരും നേരിടുന്ന വിഷയങ്ങളിലും അദ്ദേഹം ആശങ്ക ഉന്നയിച്ചിരുന്നു. 

ഈ വിഷയത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ബാഗ്ചി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ആരോഗ്യകരവും ഊർജ്ജസ്വലവും ബഹുസ്വരവുമായ ഒരു സമൂഹമായി തുടരുന്നു. ടർക്ക് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. തങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്ന് ഇന്ത്യയിലെ ജനങ്ങൾ തെളിയിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിനേയും ബാ​ഗ്ചി പരാമർശിച്ചു. ഒരു വര്‍ഷത്തിനിടെ ജമ്മു കശ്മീര്‍ കൂടുതല്‍ സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും സമഗ്രമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.