വാഷിങ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പാക് ഭീകരതയെക്കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കാനുള്ള ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍വകക്ഷിസംഘം യുഎസിലെത്തിയിട്ടുണ്ട്. മറുഭാഗത്ത് പാകിസ്താന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തുലുള്ള സംഘവും യുഎസിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെ പ്രതിനിധി സംഘവും യുഎസില്‍ വന്നതിന് പിന്നാലെ രാജ്യങ്ങള്‍ തമ്മിലുള്ള ഇന്റലിജന്‍സ് സഹകരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിലാവല്‍ ഭൂട്ടോ.

To advertise here,

പാകിസ്താന്റെയും ഇന്ത്യയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ദക്ഷിണേഷ്യയിലെ ഭീകരവാദത്തെ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പിപിപി ചെയര്‍മാന്‍കൂടിയായ ബിലാവലിന്റെ അവകാശവാദം. യുഎന്‍ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പാക് പ്രതിനിധി തലവന്‍ ഇത്തരത്തിലൊരു വാദഗതി ഉന്നയിച്ചിരിക്കുന്നത്. .

'എനിക്ക് പൂര്‍ണ്ണമായും ഉറപ്പുണ്ട്, ഐഎസ്‌ഐയും റോയും ഈ ശക്തികള്‍ക്കെതിരെ പോരാടാന്‍ ഒരുമിച്ച് ഇരുന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍, ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവര്‍ത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാന്‍ സാധിക്കും' ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

ദക്ഷിണേഷ്യയില്‍ ഇടപെടുന്നത് തുടരണമെന്നുമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സമീപകാല വെടിനിര്‍ത്തലിന് ശേഷവും സംഘര്‍ഷ സാധ്യത കുറയുകയല്ല, വര്‍ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം യുഎസിലെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചുകഴിഞ്ഞു.  യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളുമായും സെനറ്റ് വിദേശകാര്യ സമിതിയുമായും കൂടിക്കാഴ്ചകള്‍ നടത്തും. അക്കാദമിക് വിദഗ്ദ്ധരുമായും വിവിധ മാധ്യമ സ്ഥാപനങ്ങളുമായും ഇന്ത്യന്‍ പ്രതിനിധി സംഘം ചര്‍ച്ചകളും നടത്തും. 

ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നിലപാട്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ തന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞെന്നും ചില തെറ്റിദ്ധാരണകള്‍ മാറ്റാനായെന്നും കഴിഞ്ഞ ദിവസം തരൂര്‍ പറഞ്ഞിരുന്നു.