ന്യൂഡൽഹി: ഇറാൻ യുദ്ധക്കപ്പലിന് ഇന്ത്യൻ അതിർത്തിയിൽ അഭയം വാഗ്ദാനംചെയ്തിരുന്നതായി പുറത്തുവന്ന വാർത്തകളിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ നടന്ന 2026-ലെ റൈസീന ഡയലോഗിൽ സംസാരിക്കവെയാണ് ലവാൻ എന്ന ഇറാൻ കപ്പലിന് ഇന്ത്യ സഹായം നൽകിയതിൽ എസ്. ജയശങ്കർ വ്യക്തതവരുത്തിയത്.

To advertise here,

കപ്പലിൽ നിരവധി യുവ കേഡറ്റുകൾ ഉണ്ടായിരുന്നുവെന്നും മാനുഷിക പരിഗണന മുൻനിർത്തിയാണ് ഇന്ത്യ ഈ തീരുമാനമെടുത്തതെന്നും ജയശങ്കർ വ്യക്തമാക്കി. നിയമപരമായ വശങ്ങൾക്കപ്പുറം മനുഷ്യത്വപരമായ കാഴ്ചപ്പാടിലൂടെയാണ് ഇന്ത്യ ഈ വിഷയത്തെ സമീപിച്ചതെന്നും ശരിയായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘ഫെബ്രുവരി 28-ന് ഇന്ത്യയുടെ അതിർത്തിയോട് അടുത്തുണ്ടായിരുന്ന ഇറാനിയൻ കപ്പൽ ഇന്ത്യയുടെ തുറമുഖത്തേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു സന്ദേശം ലഭിച്ചു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു അവർ റിപ്പോർട്ട് ചെയ്തത്. മാർച്ച് ഒന്നിന്, നിങ്ങൾക്ക് ഇന്ത്യൻ അതിർത്തി കടക്കാമെന്ന് സന്ദേശമയച്ചു. തുടർന്ന് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടു. ധാരാളം യുവ കേഡറ്റുകൾ കപ്പിലിൽ ഉണ്ടായിരുന്നു’, ജയ്ശങ്കർ പറഞ്ഞു. ഇറാൻ്റെ മറ്റുരണ്ട് കപ്പലുകൾകൂടി ഇന്ത്യൻ മഹാസനമുദ്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ, അവർ അതിർത്തിയിൽ എത്തുന്നതിനുമുൻപ് സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നുവെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

മാർച്ച് നാലിന് ഗാളിന് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് അമേരിക്കൻ ആക്രമണത്തിലാണ് 'ഐആർഐഎസ് ദെന' തകർന്നത്.  ഐആർഐഎസ് ദെന യുഎസിന്റെ ആക്രമണത്തിനിരയായ അതേദിവസംതന്നെയാണ് ലവാൻ എന്ന യുദ്ധക്കപ്പലിന് ഇന്ത്യ കൊച്ചിയിൽ അഭയം നൽകിയത്.

മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലായ ഇറിസ് ബുഷെഹ്‌റിന് ശ്രീലങ്ക വ്യാഴാഴ്ച അഭയം നൽകിയിരുന്നു. ഇറിസ് ദെനയ്ക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. യുഎസ് ആക്രമണത്തിൽ ഇറിസ് ദെനയിലുണ്ടായിരുന്ന 87 നാവികരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. 60 ഓളംപേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 180 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേന വിമാനങ്ങളും കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.