അങ്കാറ: ഇന്ത്യ പാകിസ്താൻ സംഘർഷങ്ങൾക്കിടയിൽ പാകിസ്താന് നൽകിയ പിന്തുണയിൽ വെട്ടിലായി തുർക്കി. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് ശേഷം പാകിസ്താന് നൽകിയ പിന്തുണയാണ് രാജ്യത്തിന്റെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് വ്യവസായത്തെ അടക്കം ബാധിച്ചിരിക്കുന്നത്. ഇന്ത്യൻ വെഡിങ് പ്ലാനർമാരുടെ വ്യാപക ബഹിഷ്കരണത്തെ തുടർന്ന് ആഡംബര ടൂറിസത്തിന്റെ പ്രധാന ഘടകമായിരുന്ന ഈ മേഖല തകർച്ചയിലേക്ക് നീങ്ങി.

To advertise here,

'ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രങ്ങളിൽ വർഷം തോറും നടക്കുന്ന ഇന്ത്യൻ വിവാഹങ്ങൾ  തുർക്കിയുടെ ടൂറിസം സമ്പദ്‌വ്യവസ്ഥയിലേക്ക് 140 മില്യൺ ഡോളറിലധികം ( ഏകദേശം 1198 കോടിരൂപ)  സംഭാവന ചെയ്യുന്നുണ്ട്. പുതിയ മാറ്റത്തിന്റെ ആഘാതം അതിശക്തമാണ്.' പ്രമുഖ ഇന്ത്യൻ വെഡ്ഡിങ് പ്ലാനിങ് സ്ഥാപനമായ കെസ്റ്റോൺ ഉത്സവിന്റെ പ്രതിനിധി നിഖിൽ മഹാജനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 'വൈകാരികത, സുരക്ഷ, മൊത്തത്തിലുള്ള അതിഥി അനുഭവം എന്നിവയാൽ സന്തുലിതമായ സ്ഥലങ്ങൾക്കാണ് ഇന്ത്യൻ കുടുംബങ്ങൾ മുൻഗണന നൽകുന്നത്. ഈ പ്രത്യാഘാതം ആഗോള ഡെസ്റ്റിനേഷൻ വെഡ്ഡിങ് രംഗത്ത് തുർക്കിക്ക് അതിന്റെ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.' മഹാജൻ വ്യക്തമാക്കി.

ഇസ്താംബൂളിലെ കൊട്ടാരങ്ങൾ മുതൽ ബോഡ്രമിലെ തീരദേശ റിട്രീറ്റുകൾ വരെ വിവാഹതരാകാനൊരുങ്ങുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു. 2024-ൽ മാത്രം 50 ഓളം ആഡംബര ഇന്ത്യൻ വിവാഹങ്ങൾക്ക് തുർക്കി ആതിഥേയത്വം വഹിച്ചു. ഓരോ വിവാഹത്തിന്റെയും ശരാശരി ചെലവ് മൂന്ന് മില്യൺ ഡോളറായിരുന്നു. എട്ട് മില്യൺ ഡോളർ വരെ ചെലവ് വന്ന വിവാഹങ്ങളുമുണ്ടായിരുന്നു. പലപ്പോഴും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ പ്രാദേശിക കച്ചവടക്കാർക്കും ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസ്സുകൾക്കും വലിയ ഉത്തേജനം നൽകി.

100 പേർ പങ്കെടുക്കുന്ന സാധാരണ തുർക്കി വിവാഹങ്ങൾക്ക് 1,600 ഡോളറിനും 5,400 ഡോളറിനും ഇടയിലാണ് ചെലവുവരുന്നത്. അതേസമയം 100 അതിഥികൾ പങ്കെടുക്കുന്ന സാധാരണ ഇന്ത്യൻ വിവാഹങ്ങൾക്ക് 385,000 ഡോളറിലാണ് പാക്കേജുകൾ ആരംഭിക്കുന്നത്. 2018ൽ 13 ഡെസ്റ്റിനേഷൻ വിവാഹങ്ങളാണ് തുർക്കിയിൽ നടന്നത്. 2024 ആയപ്പോൾ 300% വർധനവുണ്ടാകുകയും 50 ഡെസ്റ്റിനേഷൻ വിവാഹങ്ങൾ നടക്കുകയും ചെയ്തു. 

എന്നാൽ പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾ തുർക്കിയിലെ ഡെസ്റ്റിനേഷൻ വിവാഹങ്ങളെ ബാധിച്ചു. 2000ത്തോളം ടൂറിസ്റ്റ് ബുക്കിങുകളാണ് ഇതുവരെ റദ്ദാക്കിയത്.  2025-ൽ നിശ്ചയിച്ചിരുന്ന 50 ഇന്ത്യൻ വിവാഹങ്ങളിൽ 30 വിവാഹങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവ റദ്ദാക്കുന്നതിലൂടെ 90 മില്യൺ ഡോളർ വരെ നഷ്ടം തുർക്കിക്കുണ്ടായേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.