ഡമാസ്‌കസ്: കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെടെയുള്ളവര്‍ ഗാസയിലേക്ക് പുറപ്പെട്ട കപ്പല്‍, ടുണീഷ്യന്‍ തീരത്തുവെച്ച് ഡ്രോണ്‍ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ഗാസയിലേക്കുള്ള സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഗ്രെറ്റയ്ക്കു പുറമേ 44 രാജ്യങ്ങളില്‍നിന്നുള്ള സിവിലിയന്മാരും കപ്പലിലുണ്ടായിരുന്നു. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഭേദിക്കാനുള്ള ശ്രമത്തിലായിരുന്നു കപ്പല്‍. 

To advertise here,

ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ കപ്പലിന് തീപ്പിടിച്ചതായി കപ്പല്‍ അധികൃതര്‍ സ്ഥിരീകരിക്കുന്നു. പോര്‍ച്ചുഗീസ് പതാകയുള്ള കപ്പലിന്റെ പ്രധാന ഡെക്കിലും താഴെയുള്ള സ്റ്റോറേജ് ഏരിയയിലുമാണ് തീപ്പിടിത്തമുണ്ടായത്. എങ്കിലും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

തങ്ങളുടെ ദൗത്യത്തെ ഭയപ്പെടുത്താനും തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ കൊണ്ടൊന്നും പിന്തിരിയില്ലെന്ന് കപ്പൽ അധികൃതർ പ്രതികരിച്ചു. ഗാസയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടത്തെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള സമാധാന ദൗത്യം കൂടുതല്‍ ശക്തമായി തുടരുമെന്നും കപ്പല്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നെന്ന വാദം ടുണീഷ്യന്‍ അധികൃതര്‍ തള്ളിയിട്ടുണ്ട്. കപ്പലിനകത്തുവെച്ചുതന്നെയുണ്ടായ സ്‌ഫോടനമാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് നാഷണല്‍ ഗാര്‍ഡ് വക്താവ് പറഞ്ഞു. 

യുദ്ധം തകര്‍ത്ത ഗാസയിലേക്ക് സഹായമെത്തിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് കപ്പല്‍ പുറപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഇതിന് പിന്തുണ നല്‍കുന്നുണ്ട്. 2007-ല്‍ ഹമാസ്, ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം ഇസ്രയേല്‍ അവിടെ നാവിക ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹമാസിന് ആയുധങ്ങളെത്തുന്നത് തടയുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേല്‍ പറയുന്നു. 2023 ഒക്ടോബറില്‍ ഹമാസ് തെക്കന്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 250-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തില്‍ പലസ്തീനില്‍ 64,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ നിലവില്‍ കടുത്ത പട്ടിണിയാണെന്ന് ആഗോള പട്ടിണി നിരീക്ഷണ ഏജന്‍സി വ്യക്തമാക്കുന്നു.