ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാർ ലാഹോറിലെ റോഡുകൾക്കും സ്ഥലങ്ങൾക്കും വിഭജനത്തിന് മുൻപുള്ള പഴയ പേരുകൾ നൽകാനുള്ള തീരുമാനം മരവിപ്പിച്ചു. മറിയം നവാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന ഈ പൈതൃക സംരക്ഷണ നീക്കം സാമൂഹിക മാധ്യമങ്ങളിലെ ഭീകരവാദ ഗ്രൂപ്പുകളുടെയും വ്ലോഗർമാരുടെയും കടുത്ത എതിർപ്പിനെത്തുടർന്നാണ് നിർത്തിവെച്ചത്.

To advertise here,

ലാഹോറിന്റെ സാംസ്‌കാരിക ചരിത്രം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മാർച്ചിലാണ് ഈ നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത്. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അധ്യക്ഷനായ ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ സമിതിയാണ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. നഗരത്തിന്റെ വാസ്തുവിദ്യാ-സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ലാഹോർ അതോറിറ്റി ഫോർ ഹെറിറ്റേജ് റിവൈവൽ എന്ന വലിയ പദ്ധതിയുടെ ഭാഗമായിരുന്നു ഈ പുനർനാമകരണം. മറിയം നവാസിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ക്യാബിനറ്റ് മെയ് മാസത്തിൽ ഈ പദ്ധതിക്ക് അനുമതി നൽകിയിരുന്നു.

വിഭജനത്തിന്ശേഷം മാറ്റം വരുത്തിയ പ്രമുഖ സ്ഥലങ്ങളുടെ പേരുകൾ പൂർവ്വസ്ഥിതിയിലാക്കാനായിരുന്നു പ്രധാനമായും തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഇസ്‌ലാംപുരയെ വീണ്ടും 'കൃഷ്ണ നഗർ' എന്നും, മൗലാന സഫർ അലി ഖാൻ ചൗക്കിനെ 'ലക്ഷ്മി ചൗക്ക്' എന്നും മാറ്റാൻ നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ മുസ്തഫാബാദിനെ 'ധർമ്മപുര' എന്നും ബാബറി മസ്ജിദ് ചൗക്കിനെ 'ജൈൻ മന്ദിർ റോഡ്' എന്നും പുനർനാമകരണം ചെയ്യാൻ ലക്ഷ്യമിട്ടു. ബ്രിട്ടീഷ് കാലഘട്ടത്തിലെ പേരുകളായ ക്വീൻസ് റോഡ് (നിലവിൽ ഫാത്തിമ ജിന്ന റോഡ്), ജയിൽ റോഡ് (നിലവിൽ അല്ലാമ ഇഖ്ബാൽ റോഡ്) എന്നിവയും തിരികെ കൊണ്ടുവരാൻ പദ്ധതിയുണ്ടായിരുന്നു.

എന്നാൽ 'ഹിന്ദു-സിഖ്' പാരമ്പര്യമുള്ള പേരുകൾ പുനരുജ്ജീവിപ്പിക്കുന്നു എന്ന് ആരോപിച്ച് ഭീകരവാദ ഘടകങ്ങൾ സോഷ്യൽ മീഡിയ വഴി സർക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തി. ഈ പ്രതിഷേധം ശക്തമായതോടെ സർക്കാർ പ്രതിരോധത്തിലാവുകയും വൻ തിരിച്ചടി ഒഴിവാക്കാനായി തീരുമാനം തൽക്കാലം മാറ്റിവെക്കുകയുമായിരുന്നു.