ടെൽ അവീവ്: ഇറാനെതിരേയുള്ള ഇസ്രയേലിന്റെ ദൗത്യം പൂർത്തിയായിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്‌സ്. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇറാൻ പുനഃരാരംഭിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനൊപ്പം ചേർന്ന് ഇസ്രയേലിനെതിരേ ആക്രമണം നടത്താൻ മുതിരരുതെന്ന് ലെബനനിലെ സായുധസംഘമായ ഹിസ്‌ബൊള്ളയ്ക്ക് കാട്‌സ് മുന്നറിയിപ്പും നൽകി.

To advertise here,

‘ഇറാനുമായി സംബന്ധിച്ചിടത്തോളം, ദൗത്യം ഇനിയും പൂർത്തിയായിട്ടില്ല. ആണവായുധം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇറാൻ പുനഃരാരംഭിക്കാൻ ശ്രമിക്കുകയാണ്. ഇസ്രയേലിനെ അപകടത്തിലാക്കുന്ന മറ്റ് ഗുരുതരമായ നീക്കങ്ങൾക്കൊപ്പമാണ് ഈ ശ്രമങ്ങളും നടക്കുന്നത്, കാട്‌സ് പറഞ്ഞു. 1956-ലെ സൂയസ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ സ്മരണാർഥം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണികളിൽനിന്ന് പൗരന്മാരെ സംരക്ഷിക്കാൻ ഇസ്രയേൽ എപ്പോഴും തയ്യാറായിരിക്കണമെന്നും കാട്‌സ് പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ തടസ്സമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമ്മൾ ചിലപ്പോൾ തർക്കിക്കുകയും ചിലപ്പോൾ നമുക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുകയും ചെയ്യും. എന്നാൽ, ദേശസുരക്ഷയുടെ കാര്യംവരുമ്പോൾ തർക്കങ്ങൾക്കപ്പുറം ഒരുമിച്ചുനിൽക്കാൻ നമുക്ക് കഴിയണം’, കാട്‌സ് പറഞ്ഞു. ഇസ്രയേലിനെതിരേയുള്ള ആക്രമണത്തിൽ ഇറാനൊപ്പം ചേരാൻ ഭീകരസംഘടനയായ ഹിസ്‌ബൊള്ള തീരുമാനിച്ചാൽ, കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, തിരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ടിരിക്കുന്ന സമയത്താണ് കാട്‌സിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. പുതിയ സർക്കാർ രൂപവത്കരണത്തിനായി പ്രസിഡന്റ് ഐ. ഹെർസോഗ്, പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ ക്ഷണിച്ചുകഴിഞ്ഞു.