ജറുസലേം: ഗാസ ക്ഷാമബാധിതമാണെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ) വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇസ്രയേൽ ഗാസയിലേക്കുള്ള സഹായം ആസൂത്രിതമായി തടയുന്നതാണ് കാരണമെന്നും യുഎൻ ആരോപിച്ചു. പ്രഖ്യാപനം നിഷേധിച്ച ഇസ്രയേൽ ‘സ്ഥാപിതതാത്‌പര്യങ്ങളുള്ള സംഘടന ഹമാസിന്റെ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും’ പറഞ്ഞു.

To advertise here,

റോം ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷനാണ് (ഐപിസി) ഗാസ ക്ഷാമത്തിന്‍റെ പിടിയിലാണെന്ന് പ്രഖ്യാപിച്ചത്. ഭക്ഷ്യസ്ഥിതി വിലയിരുത്തി യുഎന്നിനുവേണ്ടി ക്ഷാമം പ്രഖ്യാപിക്കുന്നത് ഐപിസിയാണ്. ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുൾപ്പെടെ അഞ്ചുക്ഷംപേരെ ക്ഷാമം ബാധിച്ചതായും എത്രയും വേഗം വെടിനിർത്തലുണ്ടായില്ലെങ്കിൽ ഇത് നാടെങ്ങും പടരുമെന്നും ഐപിസി മുന്നറിയിപ്പുനൽകി. സെപ്റ്റംബർ അവസാനംതന്നെ ഡെയ്ർ അൽ ബലായിലേക്കും ഖാൻ യൂനിസിലേക്കും ക്ഷാമം ബാധിക്കുമെന്നും സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ ഗാസയിലേക്കുള്ള സഹായം തടഞ്ഞുവെക്കുന്നത് പ്രദേശത്ത് ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്ന് മാസങ്ങളായി യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പുനൽകുന്നു.

ക്ഷാമം തടയാനാകുമായിരുന്നെന്നും ഇസ്രയേലിന്റെ നടപടികളാണ് സ്ഥിതി ഇവിടംവരെയെത്തിച്ചതെന്നും ഐക്യരാഷ്ട്രസഭയുടെ സഹായവിതരണവിഭാഗം മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. പട്ടിണിയെ ആയുധമാക്കി യുദ്ധംചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും ഇത് ‘മനഃപൂർവമുള്ള നരഹത്യയായി’ കണക്കാക്കാൻ സാധിക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.

അതിനിടെ, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഹമാസിന്റെ സമ്പൂർണ നിരായുധീകരണം എന്നീ നിർദേശങ്ങൾ അംഗീകരിക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ ഗാസാ സിറ്റി നശിപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പുനൽകി.