
ഗാസയിൽനിന്നുള്ള ദൃശ്യം | Photo: AP | ഡൊണാൾഡ് ട്രംപ് | Photo: AFP
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ഗാസ പദ്ധതി'ക്ക് അംഗീകാരം നല്കി യുഎന്‍ സുരക്ഷാ സമിതി. എപ്പോള്‍ വേണമെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടേക്കാവുന്ന ഗാസയിലെ അരക്ഷിതാവസ്ഥ മറികടന്ന് സുസ്ഥിരമായ സമാധാനത്തിലേക്കും തകര്‍ന്നടിഞ്ഞ പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്കും നീങ്ങാന്‍ ലക്ഷ്യമിട്ട് യുഎസ് തയ്യാറാക്കിയ പ്രമേയമാണ് യുഎന്‍ സുരക്ഷാ സമിതി തിങ്കളാഴ്ച പാസാക്കിയത്.
15 അംഗ സമിതി, 13-0 എന്ന അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയത്. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പക്ഷേ, വീറ്റോ അധികാരം ഉപയോഗിക്കാന്‍ അവര്‍ തയ്യാറായില്ല.
ട്രംപിന്റെ ഇരുപതിന ഗാസ പദ്ധതിക്ക് അന്താരാഷ്ട്ര നിയമസാധുത നല്‍കാനാണ് പ്രമേയം ലക്ഷ്യമിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. പ്രമേയം പാസാക്കുന്നതിനായി അമേരിക്ക ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
'എന്റെ അധ്യക്ഷതയിലുള്ളതും ലോകമെമ്പാടുമുള്ള ഏറ്റവും ശക്തരും ആദരണീയരുമായ നേതാക്കള്‍ ഉള്‍പ്പെടുന്നതുമായ 'സമാധാന സമിതിയെ' (BOARD OF PEACE) ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. വോട്ടെടുപ്പില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ അംഗങ്ങള്‍ ഈ ആശയത്തെ പിന്താങ്ങി. ഈ ആശയത്തിന് അംഗീകാരം നല്കിയ ലോകത്തിന് അഭിനന്ദനങ്ങള്‍.' എന്നാണ് ട്രംപ് തിങ്കളാഴ്ച സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.
ബോര്‍ഡിലെ അംഗങ്ങളെക്കുറിച്ചും മറ്റ് പ്രഖ്യാപനങ്ങളും വരുംആഴ്ചകളില്‍ നടത്തുമെന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു. കരട് പ്രമേയമനുസരിച്ച്, ഒരു ഇടക്കാല ഭരണസമിതിയായി 'സമാധാന സമിതി' സ്ഥാപിക്കുന്നതും ഗാസയില്‍ താല്‍ക്കാലിക അന്താരാഷ്ട്ര സ്ഥിരീകരണ സേന (ISF) രൂപീകരിക്കുന്നതും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് പ്രമേയം അധികാരം നല്കിയിട്ടുള്ളതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രമേയത്തിന് ഇപ്പോള്‍ യുഎന്‍ പിന്തുണയുള്ളതിനാല്‍, ഐഎസ്എഫില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള രാജ്യങ്ങള്‍ക്ക് അധികാരം നല്കാന് ഇത് സഹായിക്കുമെന്ന് ചില നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, പ്രമേയത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. കാര്യങ്ങള്‍ നടപ്പാക്കേണ്ട ക്രമത്തെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും കരട് പ്രമേയത്തില്‍ വ്യക്തതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: UN Security Council backs US-drafted resolution for sustainable peace and reconstruction in Gaza, endorsing key elements of US President Doanald Trump`s plan.
Published: 18 Nov 2025, 06:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented